തിരുവനന്തപുരം: മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കൂടിക്കാഴ്ച്ച നടത്തി. സെൻകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ബിജെപി ജില്ലാ ഭാരവാഹിയോടൊപ്പമാണ് രമേശിന്റെ സന്ദർശനം. ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടന്നു.

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് രമേശ് വന്നതെന്ന സൂചനയുണ്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സൗഹൃദസന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും രാഷ്ട്രീയത്തിലേക്കുളള പ്രവേശനം സംബന്ധിച്ച നിലപാട് സെന്‍കുമാറാണ് തീരുമാനിക്കേണ്ടതെന്നും രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സെന്‍ കുമാറിനെപാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് വന്നതിന് പിന്നാലെയാണ് എംടി രമേശ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുമ്മനം പറഞ്ഞു.

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബിജെപിയിലേക്കെത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ