കോഴിക്കോട്: എംടി വാസുദേവന്‍ നായരെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞതാണ് ശരിയെന്നും സംഘ്പരിവാറിന്റെയോ നരേന്ദ്രമോദിയുടെയോ വിരുദ്ധനല്ല എംടിയെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. നരേന്ദ്രമോദിക്കെതിരേ താനാണ് ഏറ്റവും അധികം പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കമലിനെതിരേയായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനങ്ങളെന്നും അതിന്റെ അരികുപറ്റുകയായിരുന്നു എംടിയെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കേരള സാഹിത്യോത്സവത്തില്‍ എന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ന് മോദിയുടെ പ്രവൃത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളാണ് താന്‍. പറയേണ്ടത് പറയേണ്ട സമയത്ത് താന്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ പ്രിയദര്‍ശന്‍ എംടിയെക്കുറിച്ച് പറഞ്ഞതാണ് ശരി. എംടി മോദി വിരുദ്ധനല്ല, സംഘപരിവാര്‍ വിരുദ്ധനല്ല, കോണ്‍ഗ്രസ് ഇടതുപക്ഷ അനുകൂലിയുമല്ല എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞതെന്നും പത്മനാഭന്‍ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് എഴുതിയ “കള്ളപ്പണവേട്ട-സത്യവും മിഥ്യയും” എന്ന പുസ്തകം പ്രകാശനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, നോട്ടുനിരോധനത്തെയും അതിരൂക്ഷമായ ഭാഷയിൽ എംടി വിമര്‍ശിച്ചിരുന്നു. മോദിയെ തുഗ്ലക്കിനോട് താരതമ്യപ്പെടുത്തിക്കൊണ്ടുള്ള എംടിയുടെ വിമര്‍ശനത്തെ ഉദ്ദരിച്ചാണ് പത്മനാഭന്റെ വിമര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ