നാദാപുരം: നാദാപുരത്തെ എംഇടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിന്റെ എംഎസ്എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാല്‍, കാണുന്നവരുടെ ബാല്യവും കൗമാരവും യൗവ്വനവും മാത്രമല്ല, ജീവിതം തന്നെ പകച്ചു പോകും. ‘വിവേചന രഹിത വിദ്യാലയം വിദ്യാര്‍ത്ഥി സൗഹൃദ കലാലയം’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ പോസ്റ്ററില്‍ പെണ്‍കുട്ടികളായ സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും മുഖമില്ല. 21 സ്ഥാനാര്‍ത്ഥികളില്‍ ഒമ്പതു പേര്‍ പെണ്‍കുട്ടികളാണ്. ഇവരുടെ ഫോട്ടോയ്ക്ക് പകരം പ്രതീകാത്മക ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്.

MSF, Women candidates

തീര്‍ത്തും അപകടകരമായ ഒരു സൂചനയാണ് ഈ പോസ്റ്റര്‍ നല്‍കുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകയും നിസയുടെ പ്രസിഡന്റുമായ വി.പി സുഹ്‌റ പ്രതികരിച്ചു. ‘മുസ്ലീംലീഗിന്റെ പോഷക സംഘടനയായ എംഎസ്എഫിന് സ്വതന്ത്രമായ ഒരു നിലപാടെടുക്കാന്‍ കഴിയുമോ എന്നറിയില്ല. മുസ്ലീംലീഗിലെ സ്ത്രീകളുടെ അവസ്ഥയെന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പെണ്‍കുട്ടികളെ ഇത്തരത്തില്‍ മുഖം മറച്ചിരുത്തുന്നു എന്നു പറയുമ്പോള്‍ എന്തു സന്ദേശമാണ് ഇത് സമൂഹത്തിന് നല്‍കുന്നത്? പുരുഷാധിപത്യ സമൂഹത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് ഇനിയും പുറത്തു വരാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ശ്രമം നടക്കുന്നില്ലെങ്കില്‍ നമ്മുടെ സമൂഹം പുറകോട്ടാണ് സഞ്ചരിക്കേണ്ടത് എന്നു പറയേണ്ടി വരും. കോളേജ് ഇലക്ഷന്റെ പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥിയുടെ മുഖം നല്‍കിയില്ലെങ്കില്‍ ആരാണെന്നു വിചാരിച്ചാണ് കുട്ടികള്‍ വോട്ട് ചെയ്യുക?’ ഇത് വളരെ സങ്കടകരമായ ഒരു അവസ്ഥാണെന്നും സംഘടന തിരുത്താന്‍ തയ്യാറാകണമെന്നും വി.പി സുഹ്‌റ വ്യക്തമാക്കി.

അതേസമയം, ഇത് പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച ഒരു പിഴവാകാനേ സാധ്യതയുള്ളൂവെന്നും എംഎസ്എഫിന് ഇത്തരത്തിൽ ഒരു നയമില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് അഷ്റഫ് അലി പറഞ്ഞു. പെൺകുട്ടികളോട് വിവേചനം കാണിക്കുന്നത് എംഎസ്എഫിൻറ് ഔദ്യോഗിക നിലപാടല്ല. ഇതു ചെയ്തതാരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവിൽ പുറത്തിറങ്ങിയ പോസ്റ്ററുകൾ പിൻവലിക്കുമെന്നും അഷ്റഫ് അലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

നേരത്തേ പലയിടങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലീം ലീഗിന്റെ ഫ്‌ളക്‌സുകളിലും ഇതുപോലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ മുഖത്തിനു പകരം പ്രതീകാത്മക ചിത്രങ്ങളോ അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ ഭര്‍ത്താവിന്റെ ചിത്രമോ കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ