മലപ്പുറം: എംഎസ്എഫിന്റെ വനിത കൂട്ടായ്മയായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. കടുത്ത അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടിയെന്നും പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം അറിയിച്ചു.
അതേസമയം, ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വിഷയത്തിൽ പരാതി നൽകിയതിന്റെ പേരിൽ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്. പിരിച്ചു വിടും മുൻപ് ആരുടെയും വിശദീകരണം പോലും കേൾക്കാൻ തയാറായില്ലെന്നും ഹരിത അംഗങ്ങൾ പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. ഈ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ഹരിത അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംഗങ്ങൾ തയ്യാറായില്ല. ഇതോടെയാണ് ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നവാസും അബ്ദുൾ വഹാബും മോശമായി സംസാരിക്കുകയായിരുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വനിത നേതാക്കൾ പറയുന്നു. മുസ്‌ലിം ലീഗ് നേതൃത്വത്തിന് ആദ്യം പരാതി നൽകിയെങ്കിലും അവർ അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.
Read More: നിപ: വീണ്ടും ആശ്വാസം; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകൾ കൂടി നെഗറ്റീവ്