കോഴിക്കോട്‌ : മീസില്‍സ്‌-റൂബെല്ല വാക്‌സിന്‍ (എംആര്‍) കുത്തിവയ്‌പ്പിനു പള്ളിക്കമ്മിറ്റികളുടെയും മദ്രസാ അധ്യാപകരുടെയൂം പിന്തുണ തേടിയ ആരോഗ്യ വകുപ്പിന്റെ നടപടിക്ക്‌ അനുകൂല പ്രതികരണം. ഇന്നലെ പള്ളികളില്‍ ജുമുഅ പ്രാര്‍ഥനയ്‌ക്കിടെ നടന്ന പ്രസംഗ(ഖുതുബ)ത്തില്‍ കുത്തിവയ്‌പ്‌ സ്വീകരിക്കണമെന്നു ഖത്തീബുമാര്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശം നല്‍കിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

പോളിയോ, മന്ത്‌, വസൂരി തുടങ്ങിയ രോഗങ്ങള്‍ സമൂഹത്തില്‍നിന്ന്‌ ഇല്ലായ്‌മ ചെയ്‌തത്‌ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ വഴിയാണെന്നും മീസില്‍സ്‌, റൂബെല്ല വാക്‌സിനിനേഷന്‍ രോഗപ്രതിരോധ ശേഷിക്കുള്ള കുത്തിവയ്‌പാണെന്നും ഇമാമുമാര്‍ സൂചിപ്പിച്ചു. മുസ്ലിം സമുദായം പ്രതിരോധ കുത്തിവയ്‌പുകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപത്തിനിടെയാണ്‌ ഖത്തീബുമാരുടെ ആഹ്വാനം.

മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്‌പ്‌ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ വളരെ കുറവായിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം 54,39,262 കുട്ടികള്‍ സംസ്‌ഥാനത്ത്‌ കുത്തിവയ്‌പ്‌ സ്വീകരിച്ചിട്ടുണ്ട്‌. 28.1 ശതമാനം കുട്ടികള്‍ കുത്തിവയ്‌പ്‌ എടുക്കാനുണ്ട്‌. മലപ്പുറം ജില്ലയില്‍ 46.7 ശതമാനവും കോഴിക്കോട്‌ ജില്ലയില്‍ 65.2 ശതമാനം കുട്ടികളാണ്‌ കുത്തിവയ്‌പ്‌ സ്വീകരിച്ചത്‌. സംസ്‌ഥാനത്ത്‌ മൊത്തം 72.9 ശതമാനം കുട്ടികള്‍ക്ക്‌ കുത്തിവയ്‌പ്‌ എടുത്തിട്ടുണ്ട്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.