മലപ്പുറം: ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന 80 ശതമാനം കുട്ടികള്‍ക്കും മീസില്‍സ് – റുബെല്ല വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. ഈ പ്രായത്തിലെ 11,97,108 കുട്ടികളില്‍ 9,61,179 കുട്ടികള്‍ക്കാണ് എംആര്‍ വാക്‌സിന്‍ നല്‍കിയത്.

എംആര്‍ വാക്‌സിനെത്തിരെ വിവിധ രീതിയിലുള്ള കുപ്രചാരണങ്ങളെല്ലാം മറികടന്നാണ് ഈ വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പ് മേധാവികളുടെയും മതനേതാക്കന്മാരുടെയും വിവിധ സന്നദ്ധ സംഘടനാ നേതാക്കന്‍മാരുടെയും ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചത്. ജില്ലയിലെ 12 പഞ്ചായത്തിലെ കുട്ടികള്‍ക്ക് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു.

എടക്കര, അരീക്കോട്, തിരൂരങ്ങാടി, ചാലിയാര്‍, പോത്തുകല്‍, കരുവാരക്കുണ്ട്, തേഞ്ഞിപ്പലം, അമരമ്പലം, മമ്പാട്, തിരൂര്‍, നന്നമുക്ക്, വെട്ടത്തൂര്‍ എന്നിവയാണ് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ച പഞ്ചായത്തുകള്‍. 13 പഞ്ചായത്തുകളില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. കൊണ്ടോട്ടി, വണ്ടൂര്‍, ചോക്കാട്, ഓടക്കയം, വഴിക്കടവ്, കുറുംബലങ്ങോട്, തുവ്വൂര്‍, വെട്ടം, കാളികാവ്, ഊര്‍ങ്ങാട്ടിരി, മങ്കട, മൊറയൂര്‍, പൂക്കോട്ടൂര്‍ എന്നിവയാണ് 90 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ച പഞ്ചായത്തുകള്‍.

ഒമ്പത് പഞ്ചായത്തുകളില്‍ 65 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. പെരുമണ്ണ ക്ലാരി, ആതവനാട്, കല്‍പകഞ്ചേരി, ചെറിയമുണ്ടം, ആലംങ്കോട്, എടരിക്കോട്, മാറാക്കര, മിന്നാര്‍മുണ്ടം പഞ്ചായത്തുകളും പൊന്നാനി നഗരസഭയുമാണ് 65 ശതമാനം കൈവരിച്ചത്. കുത്തിവെപ്പ് എടുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇനിയും വാക്‌സിന്‍ നല്‍കുമെന്ന് ഡിഎംഒ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ