തൊടുപുഴ: മറ്റൊരു നീലക്കുറിഞ്ഞി വസന്തത്തിന് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അറുതിയാകുന്നില്ല. പ്രഖ്യാപിച്ച നാൾ മുതൽ കുറിഞ്ഞി സങ്കേതത്തിന്രെ പേരിൽ പൂക്കുന്നത് വിവാദങ്ങൾ മാത്രമാണ്. പന്ത്രണ്ട് വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നതെങ്കിൽ പതിനൊന്ന് വർഷമായി വാടാതെ, കൊഴിയാതെ നിൽക്കുകയാണ് ഈ സങ്കേതത്തിന്രെ ഭൂമി സംബന്ധിച്ച വിവാദങ്ങൾ. റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളാരംഭിച്ചപ്പോൾ വിവാദം പൂത്തുലയുന്നു.

പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി എന്ന ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ഇത് പൂക്കുന്നകാലം കേരളത്തിനെ ടൂറിസം ഭൂപടത്തിൽ വലിയ വളർച്ചയാണ് നൽകുന്നത്. ഇന്ത്യയ്ക്കത്തു നിന്നും പുറത്തു നിന്നും നിരവധി സഞ്ചാരികളാണ് ഇത് കാണാൻ ഇവിടെയെത്തുന്നത്. ഇത്തവണയും കേരളത്തിലെ കുറിഞ്ഞി പൂക്കും കാലം ഗംഭീരമാക്കാനുളള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ മേഖലയും ഇതിനുളള നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58, വട്ടവടയിലെ ബ്ലോക്ക് നമ്പര്‍ 62 എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന 3200 ഹെക്ടര്‍സ്ഥലമാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിനായി പ്രഖ്യാപിച്ചത്. കേരളത്തിലെ ആദ്യ സസ്യ സംരക്ഷിത വന്യജീവി സങ്കേതംകൂടിയാണ് പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിനു ലഭിക്കുക. അതേസമയം മൂന്നാറില്‍ 12 വര്‍ഷത്തിനു ശേഷം വീണ്ടുംനീലക്കുറിഞ്ഞി പൂക്കുന്നത് 2018-ലാണ്. വീണ്ടുമൊരു നീലക്കുറിഞ്ഞിക്കാലം കൂടി വരുമ്പോഴും സങ്കേതം കടലാസിൽ പൊടിയടിച്ചും വിവാദങ്ങള്‍ സമൂഹത്തിൽ പൂത്തുലഞ്ഞും നില്‍ക്കുകയാണ്. അടുത്ത വര്‍ഷം മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ പത്തു ലക്ഷത്തോളം സഞ്ചാരികള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അടുത്തിടെ നടത്തിയ അവലോകനത്തില്‍ വ്യക്തമായത്.

നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വൈദ്യുതി മന്ത്രി എംഎം മണി അധ്യക്ഷനായ മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചതോടെ 32 സ്‌ക്വയര്‍ കിലോമീറ്ററില്‍ പ്രഖ്യാപിച്ച നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെടുകയും അതിര്‍ത്തി മാറുകയും ചെയ്യുമോയെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ ആശങ്ക.

നീലക്കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുനാട് മേഖലയിലെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ അടുത്തിടെ റവന്യൂ വകുപ്പ് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പടെയുള്ള 33 പേര്‍ക്കു റവന്യൂ വകുപ്പ് നോട്ടീസയച്ചിരുന്നു. പരിശോധനയില്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ പട്ടയം ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു. റവന്യൂ വകുപ്പ് സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ ശ്രമം നടത്തുന്നതിന്രെ പേരില്‍ ജില്ലയിലെമ്പാടും വന്‍ കോലാഹലവും മൂന്നാറില്‍ സിപിഎം ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ളവ നടത്തി. പ്രക്ഷോഭങ്ങൾ രൂക്ഷമാവുകയും സ്ഥിതി സംഘർഷാത്മകമാവുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം വിളിക്കുകയും മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ മന്ത്രിതല സംഘത്തെ നിയോഗിക്കുകയും ചെയ്തത്.

അതേസമയം മന്ത്രിതല സംഘം രൂപീകരിച്ചത് കൈയേറ്റക്കാരുടെ ഭൂമി രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അടുത്തിടെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58ആം ബ്ലോക്കിലെ 151 കൈയേറ്റക്കാരുടെ പട്ടിക റവന്യൂ വകുപ്പ് തയാറാക്കിയിരുന്നു. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരാണ് മേഖലയില്‍ കൂടുതലായി ഭൂമി കൈവശംവയ്ക്കുന്നതെന്നും സിപിഎം നേതാക്കള്‍ക്കു വന്‍തോതില്‍ മേഖലയില്‍ ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടിലെ പേരുകളില്‍ നിന്നു വ്യക്തമായിരുന്നു. ഇവരെ രക്ഷിക്കാനായാണ് ഇപ്പോള്‍ നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കാന്‍ പദ്ധതിയിടുന്നതെന്നും ഇതിന്റെ മുന്നോടിയാണ് മന്ത്രിതല സംഘത്തിന്റെ പരിശോധനയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്രെ കാലത്താണ്   അപൂര്‍വ ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. അന്ന് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വവും ഈ വിഷയത്തിൽ താൽപര്യം കാണിച്ചിരുന്നു.   തുടര്‍ന്ന് ഏറ്റെടുക്കാനുളള വിജ്ഞാപനം സ്ഥലപരിധിയിൽ താമസിക്കുന്ന യഥാർത്ഥ പട്ടയമുളളവർക്ക് നഷ്ടപരിഹാരം നൽകാനുളള സെറ്റില്‍മെറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി ഓഫീസറെ നിയമിച്ചു. എന്നാൽ പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്നു സെറ്റില്‍മെന്റ് നടപടികള്‍ മുടങ്ങുകയായിരുന്നു. സങ്കേതം പ്രഖ്യാപിച്ചു 11 വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക വിജ്ഞാപനം ഇറക്കിയതിനപ്പുറം ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

പ്രദേശത്തു വന്‍തോതില്‍ ഭൂമി കൈവശംവയ്ക്കുന്ന ജില്ലയ്ക്കു പുറത്തുനിന്നുള്ളവര്‍ നടത്തുന്ന ആസൂത്രിത സമരങ്ങളാണ് സെറ്റില്‍മെന്റു നടപടികള്‍ക്കു തുരങ്കംവയ്ക്കുന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിവിധ അന്വേഷണ കമ്മീഷനുകള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തിച്ചു ആരോപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തയാറാക്കി ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ട് കൊട്ടക്കമ്പൂര്‍ മേഖലയിലെ കൈയേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. കൊട്ടക്കമ്പൂര്‍ മേഖലയിലുള്ള കര്‍ഷകര്‍ നടത്തുന്നത് യൂക്കാലി കൃഷിയാണെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി മാറ്റിവരയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമാക്കാനാവുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അതിര്‍ത്തി മാറ്റിവരയ്ക്കണമെന്നതുപോലുള്ള നിര്‍ദേശങ്ങള്‍ കൈയേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കുറിഞ്ഞി സങ്കേതത്തിന്രെ നിർദ്ദിഷ്ട വിസ്തൃതി കുറയ്ക്കാനാണ് സർക്കാർ തലത്തിൽ നടക്കുന്ന നീക്കം. സങ്കേതത്തിന്രെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ പറഞ്ഞിരുന്നു. ഇതിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ രംഗത്തുവന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 3200 ഏക്കറിൽ നിന്നും വിസ്തൃതി രണ്ടായിരമായി കുറയുമെന്ന പ്രസ്താവനയാണ് മന്ത്രി നിഷേധിച്ചത്. ഇക്കാര്യം തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ