തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാൽ വിരലുകൾ എലി കടിച്ചുമുറിച്ചു. പതിനഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുന്ന അഞ്ചൽ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. ഇത് രണ്ടാമത്തെ തവണയാണ് രാജേഷിനെ എലി കടിക്കുന്നത്.
ബൈക്കപകടത്തിൽ പരിക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലിൽ എലി കടിച്ചു. ഇതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച വീണ്ടും എലി കടിക്കുന്നത്. ഇയാളുടെ ചെറുവിരലും പെരുവിരലും എലി കടിച്ചുപൊട്ടലുള്ള ഇടതുകാലിൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയാണ്. ഈ കാലിലാണ് കടിയേറ്റത്.
എന്നാൽ മരവിച്ചിരിക്കുന്നതിനാൽ കടിയേറ്റ കാര്യം രാജേഷ് അറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന അമ്മ ലതിക വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടർമാർ രാജേഷിനെ പരിശോധിച്ച് കുത്തിവയ്പെടുത്തു. ആശുപത്രിയിലെ മറ്റ് രോഗികള്‍ക്കും എലി കടിയേറ്റതായി ആരോപണമുണ്ട്.