കൊച്ചി: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വിവിധ വ്യാപാരി സംഘടനകൾ. സിപിഎം അനുകൂല കേരള വ്യാപാരി വ്യവസായി സമിതിയും സ്വതന്ത്ര രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കടകൾ തുറക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Read More: Sabarimala LIVE Updates: ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം

ശബരിമല പ്രതിഷേധവുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്റുദ്ദീൻ കോഴിക്കോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഹർത്താലിനെ അംഗീകരിക്കാനാവില്ലെന്നും കടകൾ തുറക്കുമെന്നും അദ്ദേഹം നിലപാടെടുത്തു.

ഹർത്താലിനെ വകവയ്ക്കാതെ നാളെ എല്ലായിടത്തും കടകൾ തുറക്കാൻ ടൂറിസം രംഗത്തെ സംഘടനകളും ആഹ്വാനം ചെയ്തു. കേരള ട്രാവൽ മാർട്ടിന്റെ കേരള ടൂറിസം ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായ 28 സംഘടനകളും നാളെ പ്രവർത്തിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ടൂറിസം മേഖല സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കേരള ടൂറിസം കര്‍മ്മസമ്മിതിയും അറിയിച്ചു. പ്രളയക്കെടുതി മൂലം ഇതിനകം തന്നെ വലിയ സാമ്പത്തിക നഷ്ടം ടൂറിസം മേഖലയ്ക്കുണ്ടായിട്ടുണ്ട്.  ടൂറിസം മേഖലയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സഹകരിക്കണമെന്നും കേരള ടൂറിസം കര്‍മ്മസമ്മിതി കണ്‍വീനറായ എബ്രഹാം ജോർജ് പറഞ്ഞു.

Read More: ശബരിമല പ്രതിഷേധം; പാലക്കാട് ലാത്തിവീശി; തലസ്ഥാനത്ത് തെരുവുയുദ്ധം

പ്രളയത്തിനു ശേഷം ടൂറിസം മേഖല സാവധാനം തിരികെ വരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബര്‍-ജനുവരി സീസണായതോടെ സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ടെന്നും, അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലുകളില്‍ ടൂറിസം മേഖല സ്തംഭിക്കാതിരിക്കാനായി 28 സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ആറിന പ്രമേയവും നേരത്തെ പാസാക്കിയിരുന്നു.

ഇതിന് പുറമെ കാലിക്കറ്റ് മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സും ഹർത്താലിനെ അനുകൂലിക്കില്ലെന്ന നിലപാട് എടുത്തു.  കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സും ഹർത്താലിനെ എതിർക്കുമെന്നും വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്നുമാണ് നിലപാട് സ്വീകരിച്ചത്.

ഹർത്താലിൽ എന്ത് പൊതുതീരുമാനം എടുക്കണമെന്ന് നാളെ തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കാനിരുന്നതാണെന്ന് ബസ് ഓണേർസ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹി ലോറൻസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഒരു പൊതു തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ ബസ് ഓണേഴ്സ് ഫെഡറേഷന്റെ ബസുകൾ നിരത്തിലിറങ്ങാൻ സാധ്യത കുറവാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

“വ്യാപാരികൾ കടകൾ തുറന്നുപ്രവർത്തിക്കുമെന്ന് അറിഞ്ഞു. കട മുറികൾ പോലെയല്ല ബസ്. അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ്. ഏത് ഭാഗത്ത് നിന്നും കല്ല് വന്ന് വീഴാം,” അദ്ദേഹം പറഞ്ഞു.

മറ്റൊരു ബസ് ഉടമ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ഇതുവരെ നിലപാട് എടുത്തിട്ടില്ല. ഇന്ന് വൈകിട്ട് ആറിന് വ്യാപാരി വ്യവസായി സംഘടനകൾ അടക്കമുളള കോർഡിനേഷൻ കമ്മിറ്റി ചേരുന്നുണ്ടെന്നും അതിന് ശേഷമേ നിലപാട് അറിയിക്കൂവെന്നും പിബിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.സുനീർ പറഞ്ഞു.

ഈ മണ്ഡല കാലം തുടങ്ങിയതിന് ശേഷം ബിജെപിയടക്കമുള്ള സംഘപരിവാർ സംഘടനകളും ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന വിവിധ സംഘടകളും നടത്തുന്ന അഞ്ചാമത്തെ  ഹർത്താലാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.