/indian-express-malayalam/media/media_files/uploads/2019/04/Motor-Vehicle-Department.jpg)
തിരുവനന്തപുരം: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. വാഹനങ്ങള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് പണിമുടക്കുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വിവിധ സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
Read More: മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവും 2000 രൂപ പിഴയും!
ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ (കേരള പൊലീസ് പ്രസിദ്ധീകരിച്ചത്)
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ കേരളാ പൊലീസ് പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളുടെ അറിവിലേക്കാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാഹന പരിശോധന സമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് പൊതുവായ വിവരങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം.
അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മുകളില്‍ പറഞ്ഞ രേഖകള്‍ക്ക് പുറമേ ഫസ്റ്റ് എയ്ഡ് കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ ബോക്‌സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനങ്ങളെ കുറിച്ചുള്ള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിക്കണം. കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കള്‍ റൂള്‍ 9 പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാണ്.
രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹനം പരിശോധിക്കുന്ന സമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹന ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്‍പില്‍ അത് ഹാജരാക്കിയാല്‍ മതി. രേഖകള്‍ കൈവശം ഇല്ലെങ്കില്‍ മോട്ടോര്‍ വെഹിക്കള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കും. പരിശോധന സമയത്ത് ഉദ്യോഗസ്ഥന്റെ നിര്‍ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ 500 രൂപ പിഴയോ ആണ് ശിക്ഷ.
അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍ 400 രൂപയാണ് പിഴ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ 1,000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 184 പ്രകാരം 1,000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവര്‍ഷത്തിനകം കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷം തടവോ 2,000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രെെവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള നടപടിയും സ്വീകരിക്കാം.
നിയമപരമായി വാഹനം ഓടിക്കാന്‍ അധികാരമില്ലാത്ത ആള്‍ വാഹനം ഓടിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 180 പ്രകാരം വാഹനത്തിന്റെ ചുമതലയുളള ആളില്‍ നിന്നോ ഉടമയില്‍ നിന്നോ 1000 രൂപ പിഴ ഈടാക്കാം. മൂന്നുമാസം തടവും ലഭിക്കാം. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം തടവിനോ 500 രൂപ പിഴയ്‌ക്കോ ശിക്ഷിക്കാം. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 182 പ്രകാരം ലൈസന്‍സ് അയോഗ്യമാക്കപ്പെട്ടയാള്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താല്‍ 500 രൂപ പിഴയോ മൂന്നുമാസം തടവോ ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.