തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.
കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read More: പാചകവാതക വില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വർധിച്ചത് 125 രൂപ
പണിമുടക്കിനെ തുടർന്ന് എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി. കാലടി സംസ്കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാളെ (മാർച്ച് 2) നടക്കാനിരുന്ന ഹയർസെക്കൻഡറി മോഡൽ പരീക്ഷകളും മാറ്റി. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ച വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷ മാർച്ച് 12ലേക്ക് മാറ്റിവച്ചു. കേരളസര്‍വകലാശാല മാര്‍ച്ച് രണ്ടാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.