കൊച്ചി: മോട്ടോര്‍വാഹന പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂടി സമരത്തിനിറങ്ങിയ സാഹചര്യത്തിലാണ് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമായത്. പല നഗരങ്ങളിലും ഹര്‍ത്താലിന് സമാനമായ സാഹചര്യമാണുള്ളത്. ചിലയിടത്ത് ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും മിക്കയിടത്തും സ്തംഭനാവസ്ഥയാണ്.

രാവിലെ തിരുവനന്തപുരത്ത് ആര്‍.സി.സി ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാവശ്യ ചികിത്സക്കെത്തിയവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.

കൊച്ചിയില്‍ മെട്രോ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. സ്വകാര്യ ബസുകളില്ലാത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മലബാര്‍ മേഖലയില്‍ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്.

ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കു നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മോട്ടോര്‍ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും.

അതേസമയം, ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരെ ഇന്ന് കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്ക് നടത്തുന്നുണ്ട്. പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ കണ്ണൂര്‍, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ്, സര്‍വ്വകലാശാലകള്‍ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളില്‍ ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പൊലീസ് സഹായം തേടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.