കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് പുതിയ പദ്ധതി. റോഡ്, ഗ്രൗണ്ട് ടെസ്റ്റുകള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഉടന്‍ അവസാനിപ്പിക്കും. പകരം അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ വകുപ്പ് തന്നെ ലഭ്യമാക്കും. ഇതുസംബന്ധിച്ച പദ്ധതി അന്തിമഘട്ടത്തിലാണെന്ന് മോട്ടാര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

നിലവില്‍ അതതു ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങളാണ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്നത്. പുതിയ രീതി പ്രാവര്‍ത്തികമാകുന്നതോടെ ഡ്രൈവിങ് സ്‌കൂകള്‍ ഉടമകള്‍ക്കോ പരിശീലകര്‍ക്കോ ടെസ്റ്റ് സ്ഥലങ്ങളില്‍ പ്രവേശനമുണ്ടാകില്ല. ടെസ്റ്റിനായി മോട്ടോര്‍വാഹന വകുപ്പ് ലഭ്യമാക്കുന്ന വാഹനങ്ങളില്‍ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ടാവും. പദ്ധതി സര്‍ക്കാരിന്റെ അനുമതിക്ക് വകുപ്പ് ഉടന്‍ സമര്‍പ്പിക്കും.

സംസ്ഥാനത്ത് നിലവില്‍ 76 ടെസ്റ്റ് സെന്ററുകളാണുള്ളത്. ഓരോന്നിനും രണ്ടു വാഹനങ്ങള്‍ വീതം ലഭ്യമാക്കുകയാണു ലക്ഷ്യം. എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഒന്ന് എന്ന തരത്തില്‍. സര്‍ക്കാരിനു മുതല്‍മുടക്കില്ലാതെ വന്‍കിട വാഹനനിര്‍മാതാക്കളെക്കൊണ്ട് വാഹനങ്ങള്‍ ലഭ്യമാക്കാനാണു വകുപ്പ് ശ്രമിക്കുന്നത്. ഇവര്‍ക്കു നിശ്ചിത മാസവാടക നല്‍ക്കാനാണ് ആലോചന. ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് 50 രൂപ ഈടാക്കിയാല്‍ തന്നെ പദ്ധതി വിജയിപ്പിക്കാമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ഇ- ടെന്‍ഡര്‍ വിളിക്കും.

ഡ്രൈവിങ് സ്‌കൂളുകള്‍ ലഭ്യമാക്കുന്ന വാഹനങ്ങളില്‍ ടെസ്റ്റ് നടത്തുമ്പോള്‍ അഴിമതി നടക്കുന്നുവെന്ന പരാതി വ്യാപകമായുണ്ട്. ഉദ്യോഗസ്ഥര്‍ ഡ്രൈിങ് സ്‌കൂളുകളില്‍നിന്ന് പണം വാങ്ങി ടെസ്റ്റ് ജയിപ്പിക്കുന്നുവെന്നാണ് ഒരു ആരോപണം. ടെസ്റ്റ് കേന്ദ്രങ്ങളുടെ പരിസരത്ത് നില്‍ക്കുന്ന പരിശീലകരില്‍ ചിലര്‍ കൈകള്‍ കൊണ്ട് സൂചന നല്‍കിയും വാഹനത്തില്‍ ഓണ്‍ ചെയ്തുവച്ച മൊബൈല്‍ ഫോണ്‍ വഴിയും നിര്‍ദേശം നല്‍കിയും ടെസ്റ്റിന് വരുന്നവരെ ജയിപ്പിച്ചെടുക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അതേസമയം ചിലരെ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം തോല്‍പ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. മോട്ടോര്‍വാഹന വകുപ്പ് വാഹനം ലഭ്യമാക്കിയാല്‍ ഇതിലെ ക്യാമറകള്‍ വഴി ടെസ്റ്റ് നടപടി പൂര്‍ണമായും വിലയിരുത്താന്‍ കഴിയുമെന്നതിനാല്‍ പരാതികള്‍ക്കു പരിഹാരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ഫെബ്രുവരി 20 മുതല്‍ എച്ച്, റോഡ് ടെസ്റ്റുകള്‍ കര്‍ക്കശമാക്കാനാണ് വകുപ്പിന്റെ തീരുമാനം. എച്ച് മാതൃക എഴുതാന്‍ അതതു പോയിന്റുകളില്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ച് അടിയില്‍നിന്ന് 75 സെന്റി മീറ്ററായി കുറയ്ക്കും. കമ്പി കാണാന്‍ വാഹനത്തിന്റെ വാതിലിലൂടെ തല പുറത്തേക്കിട്ട് നോക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. പകരം ഇരുവശത്തെയും ഡ്രൈവര്‍ക്കു മുന്നിലെയും കണ്ണാടിയിലൂടെ നോക്കി മാത്രമേ ഇനി ടെസ്റ്റ് അനുവദിക്കൂ. കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് കെട്ടിയിടും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ അവസരം നഷ്ടമാകും.
റോഡ് ടെസ്റ്റിന് കയറ്റത്തില്‍ നിര്‍ത്തിയിട്ട വാഹനം പിന്നോട്ടു നീങ്ങാതെ മുന്നോട്ടെടുത്തേ മതിയാവൂ. റിവേഴ്‌സ് പാര്‍ക്കിങ്ങും നിര്‍ബന്ധമാക്കി. ടെസ്റ്റ് ഗ്രൗണ്ടുകള്‍ ലൈസന്‍സ് ടെസ്റ്റിന് അപേക്ഷ നല്‍കിയവര്‍ ഡ്രൈവിംഗ് സ്‌കൂള്‍ മുഖേനെ പരിശീലനത്തിന് ഉപയോഗിക്കുന്നതും ഇനി അനുവദിക്കില്ല. ടെസ്റ്റ് സമയത്ത് മാത്രമേ ഇത്തരം ആളുകള്‍ക്ക് ഇനി മുതല്‍ ഗ്രൗണ്ടില്‍ പ്രവേശനമുണ്ടാകൂ.

കോഴിക്കോട്, കണ്ണൂര്‍, പാറശാല, തിരുവനന്തപുരം എന്നിങ്ങനെ നാല് കമ്പ്യൂട്ടര്‍വത്കൃത ടെസ്റ്റ് ഗ്രൗണ്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളില്‍ എച്ച് ടെസ്റ്റ് പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രണത്തിലാണ്. റോഡ് ടെസ്റ്റിന് റാമ്പ് ഉള്‍പ്പെടെയുള്ള സംവിധാനവുമുണ്ട്. എന്നാല്‍ റോഡ് ടെസ്റ്റ് നടക്കുന്നത് ഗ്രൗണ്ടിന് പുറത്താണ്. കോഴിക്കോട്, കണ്ണൂര്‍, പാറശാല ഗ്രൗണ്ടുകളിലെ റാമ്പുകള്‍ പുതിയ നിര്‍ദേശത്തിന് അനുസരിച്ച് ഉടന്‍ പുനര്‍നിര്‍മിച്ച് റോഡ് ടെസ്റ്റ് ഇതിലാകും. തിരുവനന്തപുരത്ത് അടുത്തിടെയാണ് ടെസ്റ്റ് ഗ്രൗണ്ട് തുറന്നത് എന്നതിനാല്‍ അവിടെ ഈ പ്രശ്‌നമില്ല.
കാസര്‍ഗോഡ്, തളിപ്പറമ്പ്, തൃപ്പൂണിത്തുറ, എറണാകുളം ഉള്‍പ്പെടെ ആറ് സ്ഥലത്തുകൂടി ഉടന്‍ കമ്പ്യൂട്ടര്‍വത്കൃത ടെസ്റ്റ് ട്രാക്കുകള്‍ ഉടന്‍ നിലവില്‍ വരും. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍വത്കൃത ടെസ്റ്റ് കേന്ദ്രങ്ങളുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. പുതിയ ട്രാക്കുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി.

അതേസമയം, ടെസ്റ്റ് നടപടികള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ കാര്യമായ ഫലമുണ്ടാക്കില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, പാറശാല, തിരുവനന്തപുരം ഒഴികെയുള്ള 72 കേന്ദ്രങ്ങളില്‍ ടെസ്റ്റ് നടക്കുന്നത് നാമമാത്ര സൗകര്യമുള്ള കേന്ദ്രങ്ങളിലാണെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അപകടങ്ങള്‍ ഒഴിവാക്കാനും അഴിമതി കുറയ്ക്കാനും ലക്ഷ്യമിട്ട് ടെസ്റ്റ് നടപടികള്‍ മുഴുവന്‍ കര്‍ശനമാക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും മുഴുവന്‍ കേന്ദ്രങ്ങളിലും ഒരേതരത്തില്‍ നടപ്പാക്കണമെന്നതാണ് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് ഇന്‍സ്ട്രറ്റേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലപാട്. ട്രാക്ക് ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയ നിര്‍ദേശം പ്രായോഗികമാവില്ലെന്ന് അസോസിയേഷന്‍ സെക്രട്ടറി അഷ്‌റഫ് പറഞ്ഞു.

ഭൂരിഭാഗം കേന്ദ്രങ്ങളിലും പൊതുസ്ഥങ്ങളിലോ സ്വകാര്യവക്തികളുടെ സ്ഥലങ്ങളിലോ ആണ് ടെസ്റ്റ് നടത്തുന്നത്. ഈ ഗ്രൗണ്ടുകളുടെ സ്ഥിതി പരിതാപകരമാണ്. കുണ്ടും കുഴിയുള്ള ഇത്തരം സ്ഥലങ്ങളില്‍ മഴക്കാലത്ത് പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നത് ഒട്ടും പ്രായോഗികമല്ല. കുഴികളില്‍നിന്ന് കണ്ണാടികളില്‍ വെള്ളം തെറിക്കുന്നതോടെ ഇവയിലൂടെ കമ്പികള്‍  കാണാൻ പറ്റാതാവും. ഒപ്പം എല്ലാ കേന്ദ്രങ്ങളിലും ടെസ്റ്റ് കര്‍ക്കശമാക്കിയില്ലെങ്കില്‍ കമ്പ്യൂട്ടര്‍വത്കൃത ട്രാക്കില്ലാത്ത സ്ഥലങ്ങളില്‍ പോകാതെ തൊട്ടടുത്തുള്ള മറ്റു കേന്ദ്രങ്ങളില്‍ പോയി സ്വാധീനമുപയോഗിച്ച് ലൈസന്‍സ് നേടുന്ന പ്രവണത കൂടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതിന്റ മുന്നോടിയായി ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇന്നു തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്.

കമ്പ്യൂട്ടര്‍വത്കൃത കേന്ദ്രമായ തിരുവനന്തപുരത്താണ് എച്ച് ടെസ്റ്റിന് കമ്പികളുടെ ഉയരം കുറയ്ക്കാന്‍ ആദ്യം തീരുമാനിച്ചത്. അവിടെ അടുത്തിയ നടത്തിയ ടെസ്റ്റില്‍ അവിടെ കൂട്ടത്തോല്‍വിയായിരുന്നു ഫലം. ഇതിനെതിരേ വിമര്‍ശനമുയര്‍ന്നതോടെയാണ് സംസ്ഥാനത്തുടനീളം ഇതേ രീതി നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ശാസ്ത്രീയമായി പഠിപ്പിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അപകടങ്ങള്‍ കുറയ്ക്കണമെങ്കില്‍ സമയമെടുത്തുകൊണ്ടുള്ള ശരിയായ ഡ്രൈവിങ് പരിശീലനം ഉണ്ടായേ തീരുവെന്നും ഇതിനു ന്യായമായ ഫീസ് വാങ്ങുന്നതില്‍ തെറ്റില്ലെന്നും ജോയിന്റ് കമ്മിഷണര്‍ രാജീവ് പുറത്തലത്ത് പറഞ്ഞു. റാമ്പിലൂടെ വാഹനമെടുക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കയറ്റമുള്ള റോഡില്‍ ഓടിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

ഡ്രൈവിങ് പഠനം ഇത്ര മണിക്കൂര്‍ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെയും നിഷ്‌കര്‍ഷിച്ചിട്ടില്ല. നിശ്ചിത സമയം പഠിക്കണമെന്നതു നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശം ജോയിന്റ് കമ്മിഷണര്‍ മുന്നോട്ടുവച്ചു. പരിശീലനത്തിന് ഡ്രൈവിങ് സ്‌കൂള്‍ക്ക് ഈടാക്കാവുന്ന ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ടെസ്റ്റ് നടപടികള്‍ കര്‍ക്കശമാക്കുന്നതിന്റെ മുന്നോടിയായി കമ്പ്യൂട്ടര്‍വത്കൃത കേന്ദ്രമായ കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയ പരീക്ഷണ ടെസ്റ്റ് പരാജയപ്പെട്ടതായാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കമ്പികള്‍ എടുത്തുമാറ്റിയായിരുന്നു പരീക്ഷണം. പാലക്കാട്ട് ഇതേതരത്തില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടതായും വിവരമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ