തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്നതോടെ ഗതാഗത നിയമലംഘകർക്ക് പിടി വീഴും. സെപ്റ്റംബർ ഒന്നിനുശേഷം നിയമലംഘനങ്ങൾക്കുളള പിഴശിക്ഷ വർധിക്കും. 1988-ന് ശേഷം, അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടു വന്നിരിക്കുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുള്ളത്.

Read Also: സെപ്റ്റംബർ ഒന്നു മുതൽ മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപ പിഴ

 • പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, മോട്ടോര്‍ വാഹന നിയമഭേദഗതിപ്രകാരമുള്ള ഏതൊരു കുറ്റം ചെയ്താലും വാഹനം നല്‍കിയ മാതാപിതാക്കള്‍ക്ക് / രക്ഷിതാവിന് അഥവാ വാഹന ഉടമയ്ക്ക് 25,000/- രൂപ പിഴയും, 3 വര്‍ഷം തടവും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കുന്നതുമായിരിക്കും. കൂടാതെ വാഹനം ഓടിച്ച കുട്ടിക്ക് 18 വയസിന് പകരം 25 വയസിനു ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ). തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.
 • ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000/- രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും (Section 194 B-Seat belt, 194 D-Helmet).
 • ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ട് പോകുകയാണെങ്കില്‍ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200/- രൂപ വീതം പിഴ ഒടുക്കേണ്ടിവരും (Section 194 A).
 • അമിത വേഗതയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000/- രൂപയും, മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടതാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുക്കുന്നതാണ്.
 • അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ 6 മാസത്തില്‍ കുറയാതെ 1 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 5000/- രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ അനുഭവിക്കേണ്ടിവരും. റെഡ് ലൈറ്റ് ജമ്പിങ്, സ്റ്റോപ്പ് സൈന്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവയില്‍ ഉള്‍പ്പെടുന്നത്.
 • മദ്യപിച്ച് വാഹനം ഓടിക്കുകയാണെങ്കില്‍  6 മാസം തടവും, 10,000/- രൂപ പിഴയും ഒടുക്കേണ്ടിവരും. ഇതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15,000/- രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും.
 • ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടതാണ്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കുവാന്‍ നല്‍കുന്നതിന് വാഹന ഉടമ 5000/- രൂപ പിഴ ഒടുക്കേണ്ടിവരും. നിയമാനുസൃതം നിലവിലില്ലാത്ത ലൈസന്‍സിന്റെ പേരില്‍ വാഹനം ഓടിച്ചാല്‍ 10,000/- രൂപ.
 • ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ വാലിഡിറ്റി എന്നിവയില്ലാതെ വാഹനം ഓടിക്കുന്നതിന് 10,000/- രൂപ പിഴ ഒടുക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000/- രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവും 4000/- രൂപ പിഴയും.
 • ചരക്കു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000/- രൂപ പിഴയും അധികമായിട്ടുള്ള ഓരോ ടണ്ണിനും 2000/- രൂപയും പിഴയിനത്തില്‍ ഒടുക്കേണ്ടിവരും.
 • വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000/- രൂപ പിഴ ഒടുക്കേണ്ടിവരും.
 • നിലവില്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാതരം പിഴയും എല്ലാ വര്‍ഷവും ഏപ്രില്‍ 1-ാം തീയതി 10% വരെ വർധിപ്പിക്കാവുന്നതാണ്.
 • മേല്‍പ്പറഞ്ഞവ കൂടാതെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സെക്ഷന്‍ 177 പ്രകാരം 500/- രൂപ പിഴ ഒടുക്കേണ്ടിവരും. ആവര്‍ത്തിക്കുന്ന കുറ്റത്തിന് 1500/- രൂപയായും വർധിച്ചു. ട്രാഫിക് റെഗുലേഷന്‍ ലംഘിക്കുന്നവര്‍ക്ക് 500-ല്‍ കുറയാതെ 1000/- രൂപ വരെ പിഴ (പുതിയ വകുപ്പ് – 177 എ)
 • നിലവിലുള്ള നിയമപ്രകാരം വാഹനം വാങ്ങിയ വ്യക്തി താമസിക്കുന്ന സ്ഥലം ഏത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലാണോ വരുന്നത് അവിടെ മാത്രമേ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. അതുപോലെ തന്നെ ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തിക്ക് താന്‍ താമസിക്കുന്ന സ്ഥലം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് അവിടെ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം ഏത് ഓഫീസില്‍ വേണമെങ്കിലും, വാഹനത്തിന്റെ ഉടമസ്ഥത അവകാശം മാറ്റാവുന്നതും, ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയ വാഹനം ഏത് ഓഫീസില്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ വാഹന ഉടമയുടെ മേല്‍വിലാസം ഏത് ഓഫീസിന്റെ അധികാരപരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫീസിൽ രജിസ്റ്റര്‍ നമ്പര്‍ മാത്രമേ ലഭിക്കുകയുള്ളൂ.
 • നിലവില്‍ വർധിപ്പിച്ച പിഴയ്ക്ക് പുറമെ കമ്മ്യൂണിറ്റി സര്‍വ്വീസും, ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്
 • ആംബുലന്‍സ്, ഫയര്‍ സര്‍വ്വീസ് തുടങ്ങിയവയ്ക്ക് സൈഡ് കൊടുത്തില്ലെങ്കില്‍ 6 മാസം വരെ തടവും 10,000 /- രൂപ പിഴയും.
 •  ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലുള്ള 3 വര്‍ഷത്തിന് പകരം 5 വര്‍ഷമായി വർധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവില്‍ അനുവദിച്ച് നല്‍കിയിട്ടുള്ള ഒരു മാസത്തെ ഗ്രേഡ് പീരിയഡ് പുതിയ നിയമം നിലവില്‍ വരുന്നതോടു കൂടി അപ്രത്യക്ഷമാകുന്നതാണ്.
 • ഡ്രൈവിങ് ലൈസന്‍സ് പുതുക്കുവാനുള്ള തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ടെസ്റ്റിന് ഹാജരായി വിജയിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി ലഭിക്കുകയുള്ളൂ.
 • വാഹന ഡീലര്‍മാര്‍ തെറ്റായ വിവരങ്ങള്‍ കാണിച്ചു വാഹനം രജിസ്റ്റര്‍ ചെയ്താല്‍ വാഹന ഡീലര്‍മാര്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ, വാര്‍ഷിക നികുതിയുടെ പത്ത് ഇരട്ടിയോളം പിഴയോ ചുമത്താവുന്നതാണ്.
 • വാഹന നിർമാതാക്കള്‍ മോട്ടോര്‍ വാഹന നിയമത്തിലെ അധ്യായം 7-ന് വിരുദ്ധമായി അതായത് വാഹന നിർമാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച് വാഹനം വില്‍ക്കുക, വാഹനത്തിന് ഓൾട്ടറേഷൻ വരുത്തുക തുടങ്ങിയവയ്ക്ക് 100 കോടി രൂപ വരെ പിഴ ചുമത്താവുന്നതാണ്. ഉടമ ഓൾട്ടറേഷൻ വരുത്തുകയോ ഭാഗങ്ങള്‍ മാറ്റുകയോ ചെയ്താല്‍ 6 മാസം തടവും 5000/- രൂപ വരെ പിഴയും ചുമത്താവുന്നതാണ്. (വകുപ്പ് 182 എ)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.