തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതോടെ സെപ്റ്റംബർ ഒന്നിനുശേഷം നിയമലംഘനങ്ങൾക്കുളള പിഴശിക്ഷ വർധിക്കും. 2019 ജൂലൈ 15 നാണ് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്.
നിയമഭേദഗതി പ്രാബല്യത്തിലാവുന്നതോട പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും. ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന കേസുകളില്‍ നഷ്ടപരിഹാര തുക വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചു മരണം സംഭവിക്കുകയാണെങ്കില്‍. അത്തരം കേസുകളില്‍ 25,000 രൂപയില്‍ നിന്നും രണ്ട് ലക്ഷമാക്കി തുക ഉയർത്തി. ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്ന കേസുകളില്‍ 12,500ല്‍ നിന്നും നഷ്ടപരിഹാര തുക 50000മായി ഉയർത്തി.
Explained: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ
ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപയാണ് പിഴ. മത്സരയോട്ടത്തിന് 5000 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10,000 രൂപയുമാണ് പിഴ. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ 25,000 മുതൽ 1 ലക്ഷം വരെയാണ് പിഴ.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ ഇനി മുതൽ 5000 രൂപ പിഴ അടയ്ക്കേണ്ടിവരും. നേരത്തെ 500 രൂപയായിരുന്നു പിഴ. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറക്കിയാൽ നേരത്തെ 1000 രൂപയായിരുന്നു പിഴ. ഇത് 2000 ആക്കി. മദ്യപിച്ച് വാഹനം ഓടിച്ചാൽ ഇനി മുതൽ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും. നേരത്തെ 2000 ആയിരുന്നു.