തിരുവനന്തപുരം: നിരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി ഈ മാസം തുടക്കം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമം കടുത്തതോടെ റോഡിൽ നിന്നും പിഴ ഇനത്തിൽ റെക്കോർഡ് തുകയാണ് സർക്കാർ ഖജനാവിൽ എത്തിയത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഒന്ന് മുതൽ നാലാം തിയതി വരെയുള്ള ദിവസങ്ങളിൽ പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപയാണ്. 1758 നിയമലംഘനങ്ങളിൽ നിന്നുമാണ് ഇത്രയും തുക ലഭിച്ചത്.

Also Read: Explained: എന്താണ് മോട്ടോർ വാഹന ഭേദഗതി ബിൽ? എന്തെല്ലാമാണ് മാറ്റങ്ങൾ

അതേസമയം, നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു ലക്ഷം രൂപ കൂടി. അപകടങ്ങള്‍ കുറയ്ക്കുന്നതിനും, റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നിയമങ്ങളും, ചട്ടങ്ങളും കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള മോട്ടോര്‍ വാഹന നിയമങ്ങളില്‍ വിവിധ ഭേദഗതികള്‍ കൊണ്ടു വന്നിരിക്കുന്നത്.

Also Read: ലൈസന്‍സ് ഇല്ല, ഹെല്‍മറ്റ് ധരിച്ചിട്ടില്ല; യുവാവിന് പിഴ 23,000 രൂപ!

പിഴ കൂട്ടിയതോടെ വാഹന അപകടങ്ങൾ കുറഞ്ഞതായി പൊലീസ് അറിയിച്ചു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ എണ്ണം കൂടിയെന്നും മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പിഴ ചുമത്തപ്പെട്ടത് അമിതഭാരവുമായി യാത്ര ചെയ്ത വാഹനങ്ങൾക്കാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

അതേസമയം, മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ ഇളവിനായി സര്‍ക്കാര്‍ നിയമോപദേശം തേടി. പരിശോധനയില്‍ അയവുവരുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നു നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

Also Read: വൻ അഴിമതിക്ക് അവസരമൊരുക്കുന്നു; മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ സിപിഎം

നേരത്തെ മോട്ടോർ വാഹന നിയമഭേദഗതിയിലൂടെ വൻ പിഴ ഈടക്കുന്നതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉയര്‍ന്ന പിഴ അശാസ്ത്രീയമാണെന്നും നിയമങ്ങള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.