തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല.
ഉയർന്ന പിഴ ഈടക്കാന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിഴ തുക കുറയ്ക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ് എത്തിയത്. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് യോഗം.
Also Read: പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; മോട്ടോർ വാഹന നിയമഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം
പിഴ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളൊന്നും നിയമപരമായി ഉത്തരവുകൾ ഇറക്കിയട്ടില്ലെന്ന് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. പഴയ പിഴത്തുക പുനഃസ്ഥാപിക്കുന്നതിനു പകരം പുതുക്കിയ നിരക്ക് നിശ്ചയിക്കാനാണു സാധ്യത. ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവ് നല്കിയാല് മതിയെന്ന നിർദേശം മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം ഓണക്കാലത്ത് നിർത്തിവച്ച വാഹനപരിശോധന കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചു. എന്നാൽ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കില്ല. പകരം ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂവെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരിശോധന ഓണക്കാലത്തേക്ക് മാത്രം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.