പോരാട്ടത്തിന്റെ ആറ് അമ്മമുഖങ്ങൾ

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ വിവിധ സമരമുഖങ്ങളിൽ തെളിഞ്ഞ് വന്ന ചില അമ്മ മുഖങ്ങളുണ്ട്. മക്കളുടെ നീതിക്ക് വേണ്ടി പോരാടുന്ന അമ്മമാർ, സമൂഹത്തിലെ നീതിക്ക് വേണ്ടി പോരാടുന്നവർ, രോഗത്തിന് എതിരെ ഭരണകൂടത്തിനൊപ്പം നിന്ന് പ്രതിരോധം തീർക്കുന്നർ, അവർക്ക് നേതൃത്വം നൽകുന്നവർ. അങ്ങനെ നിരവധി പേരുണ്ട്. അതിൽ ആറ് പേരെ കുറിച്ച്…

mother's day, mother's day 2021, k k shailaja, mahija, malli, sabitha sekhar, valayar mother

കേരളം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ലോക മനഃസാക്ഷിയുടെ മുന്നിൽ അടയാളപ്പെടുത്തിയ കുറേയേറെ അമ്മ മുഖങ്ങളുണ്ട്. അതിൽ മലയാളിക്ക് മറക്കാനാകാത്ത ആറ് അമ്മ മുഖങ്ങളുമുണ്ട്. ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കാനും തലകുനിച്ച് നിൽക്കാനും മലയാളിക്ക് കേരളത്തിലെ ഭരണകൂട സംവിധാനവും സമൂഹവും നൽകിയ അമ്മമാർ. അവരൊന്നും തന്നെ മലയാളി പുരുഷ ലോകത്തിന്റെ വാർപ്പ് മാതൃകയിലുള്ളവരല്ല. സഹനത്തിന്റെയും പൊറുക്കലിന്റെയും ചരിത്രമല്ല അവരുടെ വർത്തമാനം. നീതിക്കായുള്ള പോരാട്ടമാണ് അവരെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. അമ്മ എന്നതിന് സമരവീര്യത്തിന്റെ മുഖം നൽകിയ, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുൻനിരയിൽ നിൽക്കുന്ന ആ അമ്മമാരുടെ ജീവിതത്തെ കുറിച്ച്.

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ലോക ശ്രദ്ധ തന്നെ ആകർഷിച്ച പ്രവർത്തനങ്ങളിലൂടെ അമ്മ മുഖമായി മാറിയ വ്യക്തിത്വമാണ് ആരോഗ്യമന്ത്രി കെ. കെ. ശൈലജ എന്ന ‘ടീച്ചറമ്മ’യുടേത്. ആരോഗ്യ രംഗത്തും സാമൂഹിക നീതി രംഗത്തും നടത്തിയ ഇടപെടലുകളിലൂടെയാണ് കെ. കെ. ശൈലജ മലയാളിക്ക് അമ്മ രൂപമായി മാറിയത്.

കേരളത്തിലെ കോഴിക്കോട് നിപ പനി ബാധിച്ച നാളുകളിൽ മുൻനിരപോരാളിയായി രംഗത്തിറിങ്ങിയാണ് ആരോഗ്യ മന്ത്രി മലയാളികളുടെ വിശ്വാസം ആർജ്ജിച്ചെടുത്തത്. അത് ലോകത്തിന് മുന്നിൽ കേരളത്തെ കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പകർന്ന് നൽകാനായി.

ഇന്ത്യയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. അന്ന് മുതൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ നിന്ന ആരോഗ്യമന്ത്രി ശൈലജ ലോകത്തിന് മുന്നിൽ ഏറെ പ്രശംസ നേടി. കെ. കെ ശൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിക്കൽ വൈറലായി. അങ്ങനെ വിശേഷിപ്പിക്കുന്നതിനെതിരെ വിർമശനവും ഉയർന്നു. ആരോഗ്യമന്ത്രിയെ അമ്മ ഭാവത്തിലേക്ക് മാറ്റി അവരുടെ പ്രവർത്തനങ്ങളുടെ മികവിനെ മാറ്റ് കുറയ്ക്കാനാണ് എന്ന വിമർശനവും ഉയർന്നു. രാഷ്ട്രീയവും ഭരണപരവുമായ മികവ് കാണിക്കുന്ന സ്ത്രീകളെ ‘അമ്മവൽക്കരണ’ പ്രവണതയിലൂടെ ഒതുക്കുകയാണ് എന്ന വിമർശനവും ഉയർന്നു.

കെകെ ശൈലജ, KK Shailaja

കേരളത്തിലെ സ്വാശ്രയ സ്വകാര്യ കോളജുകളും പ്രൊഫഷണൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടക്കുന്ന അതിക്രമങ്ങളുടെ കിളിവാതിൽ തുറന്നിട്ട അമ്മയാണ് മഹിജ. പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് 2017 ജനുവരി ആറിന് കോളജിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരന്നു. ഇതുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബാഗങ്ങൾ നീതി തേടി മുട്ടാത്ത വാതിലുകളില്ലാതായി. അവസാനം അമ്മ മഹിജ തിരുവനന്തപുരത്ത് സമരം ആരംഭിച്ചു. അന്ന് മഹിജയോട് കേരള പൊലീസും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച സമീപനം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മഹിജയ്ക്കെതിരായ പൊലീസ് നടപടി ഇന്നും മലയാളിയുടെ മുന്നിലുണ്ട്. ‘മഹിജ എന്ത് നേടി?’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം മകന് നീതി തേടി സമരം ചെയ്ത അമ്മയോട് കാണിച്ച് അനീതിയുടെ അടയാളവാക്യമായി. കേരളത്തിലെ സ്വാശ്രയ പ്രൊഫഷണൽ കോളജുകളിൽ അരങ്ങേറുന്ന അതിക്രമങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്ന മഹിജ എന്ന അമ്മയുടെ സമരം.

കേരളം പ്രളയത്തിൽ മുങ്ങിയ നാളുകൾക്ക് ഏതാനും മാസങ്ങൾക്ക് മുന്‍പാണ് കേരളം ലോകത്തിന് മുമ്പിൽ അപമാനത്തിൽ മുങ്ങി തലകുനിച്ച സംഭവമുണ്ടായത്. 2018 ഫെബ്രുവരി 22 നാണ് പാലക്കാട് അഗളി മുക്കാലി ചിക്കണ്ടി ഊരിലെ മധുവിനെ (30) ഭക്ഷണ സാധനം മോഷ്ടിച്ചു എന്നാരോപിച്ച് പ്രദേശവാസികളായ ഒരു കൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന മധുവിനെയാണ് മോഷണക്കുറ്റം ആരോപിച്ച് ആ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ആദിവാസി വിഭാഗത്തിൽ പെട്ട മധുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പേരെ പ്രതികളാക്കി പൊലീസ് കേസ രജിസ്റ്റർ ചെയ്തു. മൂന്ന് വർഷം പിന്നിട്ടിട്ടും മധുവിന്റെ കൊലപാതപക കേസിൽ വിധി വന്നിട്ടില്ല. മധുവിന് നീതി തേടി, മധുവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതും കാത്ത് കേരളത്തിന്റെ മനഃസാക്ഷിക്ക് മുന്നിൽ ഉയർന്നതാണ് മല്ലി എന്ന അമ്മയുടെ മുഖം. അംഗണവാടി ജീവനക്കാരിയായ അമ്മ മല്ലി, ആദിവാസി ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഫലം കാണുമെന്നും കേസിൽ തീരുമാനം ഉടൻ വരുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ്.

കേരളത്തിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ, താഹ എന്നീ രണ്ട് വിദ്യാർത്ഥികളെ കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യുന്നത്. നിയമ വിദ്യാർത്ഥിയായ അലനെയും ജേണലിസം വിദ്യാർത്ഥിയായ താഹയെയും സി പി ഐ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് പൊലീസ് യു എ പി എ യും ചാർത്തി. സി പി എമ്മിന്റെ പ്രാദേശിക പ്രവർത്തകരാണ് അലനും താഹയും. ഇരുവരും സി പി എം കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്. പൊലീസ് നടപടിക്കെതിരെ സിപി എമ്മിലെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളിൽ നിന്നും ശക്തമായ വിയോജിപ്പ് ഉണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് നിലപാടിനെ അനുകൂലിച്ച രംഗത്തെത്തി. ‘ചായ കുടിക്കാൻ പോയതിനല്ല അറസ്റ്റ് ചെയ്തത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേരളാ പൊലീസ് കേസ് എൻ ഐ എ യ്ക്കും കൈമാറി. ഇവരുടെ അറസ്റ്റ് കേരളത്തിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. അലന്റെ അമ്മ സബിതയും താഹയുടെ ഉമ്മ ജമീലയും കേരളത്തിലെ നൈതിക ബോധത്തിന് മുന്നിൽ ഉയർത്തിയ ചോദ്യം ചെറുതായിരുന്നില്ല.

അലന്‍ അമ്മ സബിതയോടൊപ്പം
താഹ ഫൈസല്‍ ഉമ്മയോടൊപ്പം

കേരളത്തിന് ഉത്തരം മുട്ടിയ ചോദ്യങ്ങളാണ് വാളയാറിലെ അമ്മ ഉന്നയിച്ചത്. ഇന്നും കേരളത്തിന് മറുപടി നൽകാൻ കഴിയാത്തതാണ് വാളയാറിലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം. പൊലീസന്റെയും പ്രോസിക്യൂഷന്റെയും പിടിപ്പുകേടിന്റെ അനീതിയുടെ ഉപമാവാക്യങ്ങളായി മാറിയ ഉദാഹരണം. 52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് വാളയാർ കേസ്. 2017 ജനുവരി 13 ന് വൈകുന്നേരമാണ് പതിമൂന്ന് വയസ്സുള്ള കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഈ മരണം ആദ്യം കാണുന്നത് ഒമ്പത് വയസുകാരിയായ അനിയത്തിയാണ്. ഇതിന് ശേഷം കൃത്യം 52 ദിവസം പിന്നിടുമ്പോൾ 2017 മാർച്ച് നാലിന് അതേ വീട്ടിൽ, അതേ മുറിയിൽ, അതേ മച്ചിൽ ഒമ്പതു വയസുകാരിയായ മകളും മരിച്ച നിലയിൽ കാണപ്പെട്ടു. ഈ കേസുകളിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ പൊലീസ്, പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല എന്ന വിമർശനം ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ വീണ് വരെ നീതിക്ക് വേണ്ടി ആ അമ്മ യാചിക്കുന്ന ചിത്രങ്ങൾ കേരളം കണ്ടു. അവസാനം ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാറിലെ അമ്മ മത്സര രംഗത്തിറങ്ങി. നീതി തേടിയുള്ള പോരാട്ടത്തിലാണ് ആ അമ്മയും.

ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും സമൂഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്ന പോരാട്ടങ്ങളുടെ നേതൃത്വമേറ്റടുത്തിരിക്കുന്ന, അമ്മമാരുടെ ചിത്രമാണിത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mothers day 2021 faces of resistance kerala

Next Story
Covid-19 India Live Updates: പനി ക്ലിനിക്കുകൾ കോവിഡ് ക്ലിനിക്കുകളാക്കണം; സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകണംcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com