scorecardresearch
Latest News

Mother’s Day 2017: നീതിക്കായി പോരാടാനുള‍ള കരളുറപ്പുമാണ് മാതൃത്വമെന്ന് പഠിപ്പിച്ച മൂന്ന് അമ്മമാർ

നീതി തേടിയുളള അമ്മമാരുടെ സഞ്ചാരം ഇന്നും തുടരുന്നു, ഇരകളായി തീർന്ന മക്കളുടെ പേരുകൾ മാത്രമേ മാറുന്നുളളൂ, അതിജീവിക്കുന്ന അമ്മമാരുടെ പേരുകളും

mahija, sumathi,rajeswari

മനുഷ്യന്റെ അധരങ്ങളില്‍ തങ്ങി നില്‍ക്കുന്ന ഏറ്റവും മനോഹരമായ പദമാണ് അമ്മയെന്ന് എഴുതിയത് ഖലീല്‍ ജിബ്രാനാണ്. ഏതൊക്കെ പ്രര്‍ത്ഥനാവഴികളിലൂടെ കടന്നുപോയാലും അമ്മയുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ്. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലര്‍ പോലും അമ്മയുടെ ചാരത്ത് വിലോല മനസ്കനായിരുന്നു. ചരിത്രത്തെ പലവിധത്തില്‍ നിര്‍ണയിച്ച ദാര്‍ശനികരും സാഹിത്യനായകരും പ്രവാചകന്‍മാരുമെല്ലാം അമ്മയെന്ന രണ്ടക്ഷരത്തെ കുറിച്ച് എഴുതിയതും പറഞ്ഞതുമെല്ലാം ഒരേ ഹൃദയവികാരത്തോടെയാണ്. അറ്റുപോയ പൊക്കിള്‍കൊടിയിലും, ജീവിതാന്ത്യം വരെ മുറിയാതെ കിടക്കുന്ന സ്നേഹപ്രവാഹത്തിന്‍റെ പേരാണ് അമ്മ. വേഗവീഥിയില്‍ ഉരുളുന്ന ‌മനുഷ്യകുലം അമ്മമനസിനോട് മുഖം തിരിക്കുന്പോള്‍ ഓരോ മാതൃദിനവും അതിപ്രസക്തമാകുന്നു. വിലമതിയ്ക്കാനാകാത്ത മാതൃസ്നേഹത്തിനും കരുതലിനും ആദരം പകരാന്‍ ലോകം ഒന്നിച്ച് ചേരുകയാണ് ഈ ദിനത്തില്‍.

മാതൃഹൃദയത്തോടുള്ള നമ്മുടെ സ്നേഹനിരാസം എത്രത്തോളം ആഴത്തിലാണ് എന്നറിഞ്ഞ ഭീതിപൂണ്ട കാലത്താണ് വീണ്ടും ഒരു അമ്മദിനം കൂടിയെത്തുന്നത്. മകന് നീതി തേടുന്ന വഴിയില്‍, തെരുവില്‍ വലിച്ചിഴക്കപ്പെടുന്ന അമ്മ, കാമവെറി പൂണ്ട ലോകം കീറിയെറിഞ്ഞ മകളുടെ ശരീരത്തിന് മുന്നില്‍ നിര്‍ത്താതെ നിലവിളിക്കുന്ന അമ്മ. ഓരോ നിമിഷാര്‍ധത്തിലും പുരോഗതിയുടെ പലകാതങ്ങള്‍ താണ്ടുന്ന ലോകം, അമ്മമാരുടെ ഹൃദയവിലാപങ്ങളെ അരികുകളിലേയ്ക്ക് ആട്ടിയോടിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തിൽ നീതി തേടിയലഞ്ഞ നിരവധി പേരുണ്ട്. അതിൽ ദൃശ്യവും അദൃശ്യവുമായ അമ്മ സാന്നിദ്ധ്യങ്ങളുണ്ട്. രാജൻ, വിജയൻ തുടങ്ങി ഉദയകുമാറിലൂടെ, സൗമ്യയിലും, ജിഷയിലുംജിഷ്ണുവിലും എത്തി നിൽക്കുന്നു നീതി തേടിയ അധികാരങ്ങളുടെ നിസ്സംഗതിയിലും ധാർഷ്ട്യത്തിലും പതറാതെ നിൽക്കുന്ന അമ്മമാരുടെ വർത്തമാനം.

കണ്ണീര് വറ്റാത്ത മൂന്ന് അമ്മമാരെ ഓര്‍ക്കാതെ ഈ മാതൃദിനത്തെ കടന്നുപോവുക വയ്യ. തീവണ്ടിപ്പാളത്തിലെ ഇനിയും നിലക്കാത്ത നിലവിളിയൊച്ചയാണ് സൗമ്യ. നമ്മുടെ ഹൃദയപാളികളില്‍ ഇനിയുമുണങ്ങാത്ത ഒരു നീറ്റലായി അത് ഇപ്പോഴും തുടരുന്നു. മകളുടെ ഘാതകനെ മാതൃകാപരമായി ശിക്ഷിച്ച് മുഴുവന്‍ അമ്മമാരുടെയും നൊമ്പരത്തിനും ആശങ്കകള്‍ക്കും വിരാമമിടണമെന്ന സുമതിയുടെ ആവശ്യം ഒരു വനരോദനമായി ഒടുങ്ങുന്നു.

സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്താൻ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയത് ഏപ്രിൽ 28നാണ്. മകളുടെ ഘാതകന് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന ആവശ്യവുമായി ഒരു  അമ്മ നടത്തിയ പോരാട്ടമായിരുന്നു അത്.  സൗമ്യ ട്രെയിനിൽ നിന്നും സ്വയം ചാടിയതോ അതോ ഗോവിന്ദച്ചാമി തള്ളിയിട്ടതോ എന്ന സാങ്കേതികതയിൽ സുമതിയെന്ന അമ്മയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു. കൊലപാതകത്തിന് പകരം കൊലപാതകമെന്ന് വധശിക്ഷയല്ല, മറിച്ച് ശിക്ഷിക്കപ്പെടുന്നതിലെയും രക്ഷപ്പെടുന്നതിന്റെയും ന്യായഅന്യായങ്ങളുടെ സാങ്കേതിക്വത്തിന് മുന്നിലാണ് ഈ  അമ്മയുടെ നീതി തേടിയുളള യാത്ര വഴിമുട്ടിയത്. ​ഇവിടെ തല താഴ്ന്നു പോകേണ്ടത് ഭരണ സംവിധാനങ്ങളുടേത് മാത്രമല്ല, ദുരന്തങ്ങൾ സ്വന്തം മതിൽക്കെട്ടിനിപ്പുറം കടക്കുന്പോൾ മാത്രം നീതിബോധം ഉണരുന്ന ഒരു സമൂഹത്തിന്റെതു കൂടിയാണ്.

2011 ഫെബ്രുവരിയിലായിരുന്നു വീട്ടിലേക്ക് പോവുകയായിരുന്ന സുമതിയുടെ മകൾ സൗമ്യയെ ഗോവിന്ദച്ചാമി മോഷണശ്രമത്തിനിടെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്തത്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലെ  ജീവനക്കാരിയായിരുന്ന സൗമ്യ ജോലി കഴിഞ്ഞ് എറണാകുളം-ഷൊർണൂർ പാസഞ്ചറിൽ  നാട്ടിലേക്ക് യാത്രചെയ്യവെയാണ് ആക്രമിക്കപ്പെടുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സൗമ്യ അഞ്ച് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗമ്യ ഒറ്റപ്പെട്ട സംഭവമല്ല. അതിന് മുൻപും ശേഷവും ഇന്ത്യയിൽ സൗമ്യമാർ ഉണ്ട്. അവരിൽ അർഹിച്ച നീതി ലഭിക്കാത്ത ബഹുപൂരിപക്ഷത്തോടൊപ്പമേ സൗമ്യയും സ്മരിക്കപ്പെടൂ. പക്ഷേ, നീതിക്കായി അവസാനം വരെ പോരാടിയ ഈ അമ്മയുടെ മനക്കരുത്ത്, നെഞ്ചിലെ നെരിപ്പോടുകൾ അണയാതെ പെൺകുരുന്നുകളുള്ള എല്ലാ അമ്മമാരിലേക്കും പടരുക തന്നെ ചെയ്യും.

കേരളത്തിന്‍റെ മനഃസാക്ഷിക്കേറ്റ മായാത്ത മുറിവുകളിലൊന്നാണ് ജിഷയുടെ മരണം. കേരളം മറുപടിയില്ലാതെ കേട്ടുനിന്നൊരു മാതൃവിലാപമായി ജിഷയുടെ അമ്മ രാജേശ്വരിയുടേത്. ആരാലും ശ്രദ്ധിക്കപ്പെടാതെ അരികുകളില്‍ ഒടുങ്ങിപ്പോയ അവളുടെ ജീവിതത്തിലേക്ക് മരണം കടന്നെത്തിയത് വളരെ എളുപ്പത്തിലായിരുന്നു. കാമവെറിപൂണ്ട ഘാതകന്‍, ആ ശരീരത്തെ ആവും വിധം പിച്ചിച്ചീന്തിയെറിഞ്ഞു. ജീവിതം പോലെ തന്നെയായിരുന്നു അവളുടെ മരണവും. നിഷ്ഠൂരമായ കൊല നടന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ അവള്‍ മണ്ണിലേക്ക് എടുത്തു വെക്കപ്പെട്ടു. നാടിന്‍റെ ഹൃദയത്തെ പിളര്‍ത്തിയ അവളുടെ അമ്മയുടെ നിലവിളിക്ക് നടുവിലൂടെയാണ്, അവളുടെ മരണത്തിലേക്കും അതിനുമുന്പുള്ള ജീവിതത്തിലേക്കും നാം കടന്നെത്തിയത്. കേരളത്തെ പിടിച്ചുലച്ച ജിഷാ കേസില്‍ ഇപ്പോഴും തൃപ്തികരമായ തീര്‍പ്പുണ്ടാക്കാന്‍ പൊലീസിനും കഴിഞ്ഞുവെന്ന് ഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നില്ല.

2016 ഏപ്രിൽ 28ന് വൈകിട്ടോടെയാണ് ജിഷ കൊലചെയ്യപ്പെട്ടത്. ഡൽഹിയിൽ നടന്ന നിർഭയ മോഡൽ കൊലപാതകമായിരുന്നു ഇത്. മാനഭംഗത്തിനു പുറമെ രഹസ്യഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള മുറിവ് ജിഷയുടെ ശരീരത്തിൽ കണ്ടെത്തി. ആന്തരികാവയവങ്ങൾക്കേറ്റിരിക്കുന്ന മുറിവ് ജിഷ നേരിട്ട അതിദാരുണ പീഡനത്തിന് തെളിവാണ്.  ഇതുതന്നെയാണ് കേരളത്തെ ഏറെ ഞെട്ടിച്ചതും. കേരളം കണ്ടതിൽ വച്ച് ഏറെ നിഷ്ഠൂരമായ പീഡനം.

ജൂൺ 16ന് പ്രതിയെ പൊലീസ് പിടികൂടി. ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിക്കുന്പോഴും  വിചാരണ നടക്കുന്പോഴും ചോദ്യങ്ങൾ പലതും ബാക്കിയാവുന്നുണ്ട്. കേരളത്തിലെ മാതൃമനസുകളിൽ കനലെരിയിച്ച രാജേശ്വരിയുടെ വിലാപ ചിത്രം ഈ മാതൃദിനത്തിൽ ഒരു ഓര്‍മപ്പെടുത്തലാണ്; സുരക്ഷിതത്വം മോഹം മാത്രമായ സ്‌ത്രീ ജീവിതങ്ങളെക്കുറിച്ച്‌, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയേണ്ടിവരുന്ന നിരാലംബരെക്കുറിച്ച്‌.

മഹിജ, സമീപചരിത്രത്തില്‍ കേരളം ഏറ്റവും വേദനയോടെ ഏറ്റെടുത്ത മാതൃനാമമാണത്. കണ്ട് കൊതിതീരും മുന്പേ മരണം കവര്‍ന്നെടുത്ത മകന് നീതി തേടി ഇപ്പോഴും കണ്ണീര്‍ വാര്‍ക്കുകയാണ് ഈ അമ്മ. തെരുവില്‍ ഇഴയ്ക്കപ്പെട്ട അവരുടെ സമരദൃശ്യങ്ങള്‍ തീവ്രനൊന്പരമായി കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയ്ക്ക് ചൂടേറ്റി. ഓമനിച്ച് ഉമ്മവെക്കാന്‍ മാത്രമല്ല, മകന് വേണ്ടി ഉരുകിത്തീരാനും പോന്നതാണ് അമ്മ മനസെന്ന് മഹിജ നമ്മെ നിരന്തരം പഠിപ്പിക്കുന്നു.

ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണെന്നത് സാങ്കേതികത്വം മാത്രമാണ്. അത് സ്വാശ്രയ മാനേജ്മെന്റുകൾ നടത്തിയ കൊലപാതകം തന്നെയാണ്. എന്നിട്ടും പലർക്കും ഇതൊരു ആത്മഹത്യ മാത്രമായി മാറുന്നതിന് കാരണങ്ങൾ പലതാകാം. സ്വാശ്രയ കന്പോളത്തിൽ നിന്ന് കൊയ്തെടുത്ത കോടികൾക്ക് ഒരമ്മയുടെ കണ്ണീരിനേക്കാൾ കനം കാണുന്നവരുമുണ്ടാകാം. എങ്കിലും തോറ്റ് കൊടുക്കാൻ മഹിജയെന്ന അമ്മ തയ്യാറായിട്ടില്ല, ഇതുവരെ. ഈ അമ്മ മനസിന്റെ വീര്യം സുപ്രീം കോടതിയിൽ മാറ്റുരക്കപ്പെടാനിരിക്കുന്പോൾ കേരളത്തിലെ രക്ഷിതാക്കൾ മാറി ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ആത്മവിശ്വാസവും ആത്മാഭിമാനവും ആർജ്ജവവുമില്ലാത്ത ഒരു സമൂഹത്തിനെ സൃഷ്ടിക്കുന്ന, ഉന്നതവിദ്യാഭ്യാസത്തിന്റെ സാംഗത്യത്തെ തന്നെ അട്ടിമറിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന വികലവും തെറ്റിദ്ധരിക്കപ്പെട്ടതുമായ വിദ്യാഭ്യാസത്തിനോടുള്ള അടിമത്തം. അതിൽ നിന്ന് പുറത്ത് ചാടാൻ ഇനിയെങ്കിലും മാതാപിതാക്കൾ തയ്യാറാകട്ടെ. പാട്ട് പാടുന്നതും പ്രണയിക്കുന്നതും സമരം ചെയ്യുന്നതും അനുസരണക്കേടിന്റെയല്ല മറിച്ച് സർഗാത്മകതയുടെ ലക്ഷണങ്ങളാണെന്ന് തിരിച്ചറിയറിയപ്പെടാനാകട്ടെ. ജിഷണുവിന്റെ അമ്മയുടെ കണ്ണുനീർ മാർക്കറ്റ് ചെയ്യുന്ന അജണ്ടകൾക്കപ്പുറം മക്കളെ അറിഞ്ഞ് പഠിപ്പിക്കാനുള്ള, ഇടിമുറികൾ ഇല്ലാതാകാനുള്ള തിരിച്ചറിവാകട്ടെ നമുക്ക് മഹിജയുടെ കണ്ണീർ.

മൂന്ന് അമ്മമാര്‍, നിര്‍മ്മലതയും വത്സല്യവും നിറഞ്ഞ ആര്‍ദ്രഭാവങ്ങള്‍ മത്രമല്ല, കുഞ്ഞുങ്ങൾക്കുവേണ്ടി, നീതിക്കുവേണ്ടി  ജീവിതാന്ത്യം വരെ പോരാടാനുള്ള കരളുറപ്പുമയാണ് ഓരോ അമ്മയും പിറവിയെടുക്കുന്നതെന്ന പാഠം പകര്‍ന്ന് തരുകയാണ് അവര്‍.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mothers day 2017 three mothers struggle for justice for their children sumati rajeswari mahija