കൊച്ചി: പീഡന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ചും ഇരയായ കന്യാസ്ത്രീയെ തഴഞ്ഞും മിഷണറീസ് ഓഫ് ജീസസ് സന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി എടുക്കാനാകില്ലെന്ന് മദര്‍ സുപ്പീരിയല്‍ ജനറല്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയ്ക്ക് കത്തയക്കുകയായിരുന്നു. നേരത്തേയും ബിഷപ്പിനു സഹായകരമാകുന്ന നിലപാടാണ് സന്ന്യാസിനി മഠത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

നേരത്തെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ ജനറലിന് പരാതി് അയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിഷപ്പിനെ സംരക്ഷിച്ചു കൊണ്ടുള്ള നിലപാട് മദര്‍ സുപ്പീരിയര്‍ ജനറല്‍ വ്യക്തമാക്കിയത്. മിഷണറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സമൂഹം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കീഴിലുള്ളതാണ്. അദ്ദേഹമാണ് അതിന്റെ പേട്രണ്‍. സ്വാഭാവികമായും അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും കത്തില്‍ പറയുന്നു.

അദ്ദേഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്നത് ഈ സന്ന്യാസിനി സമൂഹത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന കാര്യമാണെന്നും പറയുന്നു. മാതൃഭൂമി ന്യൂസാണ് കത്ത് പുറത്തു വിട്ടത്. തന്റെ സഹോദരി കടന്നുപോകുന്ന മാനസിക- ശാരീരിക പീഡനങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കന്യാസ്ത്രീയുടെ സഹോദരി പരാതിക്കത്ത് അയച്ചിരുന്നത്.

മൊത്തം സന്ന്യാസിനി സമൂഹത്തെ ബാധിക്കുന്ന വിഷയമായതു കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ടെന്നും എല്ലാ തീരുമാനങ്ങളും എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് എടുക്കാനാവില്ലെന്നും മദര്‍ സുപ്പീരിയര്‍ ജനറല്‍ പറയുന്നു.

മൊത്തം സന്ന്യാസിനി സഭയുടെ നിലനില്‍പിനാണ് താന്‍ ലക്ഷ്യമിടുന്നത്. താങ്കളും താങ്കളുടെ സഹോദരിയും കടന്നുപോകുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ താന്‍ നിസ്സഹായയാണെന്നും അവര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.