കൊല്ലം: വില കൂടിയ മൊബൈൽ ഫോൺ വാങ്ങിത്തരണമെന്ന് നിരന്തരം ആവശ്യപ്പെട്ട മകന്റെ നിർബന്ധത്തിന് മുന്നിൽ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലത്ത് ശാസ്താംകോട്ടയിലാണ് മകന്റെ ആവർത്തിച്ചുളള കലഹത്തിന് മുന്നിൽ അമ്മ ജീവനൊടുക്കിയത്.
പത്താം ക്ലാസ് പാസായ മകന്റെ പക്കൽ 9000 രൂപ വിലയുളള മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഇത് പോര, 35000 രൂപ വിലയുളള മൊബൈൽ ഫോൺ വേണമെന്നാണ് മകൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെയും ഇതേ ചൊല്ലി തർക്കം നടന്നിരുന്നു.
ഇന്നലെ ഉച്ചയോടെ ഭക്ഷണം ഉണ്ടാക്കാനായി മീൻ വൃത്തിയാക്കിക്കൊണ്ടിരിക്കെ വീണ്ടും മകൻ ഇതേ ആവശ്യം ചൊല്ലി അമ്മയോട് തർക്കിച്ചു. ഫോൺ വാങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ അമ്മയോട് കയർത്ത് മകൻ മീനും പാത്രങ്ങളും തട്ടിയകറ്റിയെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെയാണ് വീടിനടുത്തുളള റെയിൽവേ ട്രാക്കിലേക്ക് അമ്മ പോയത്. ട്രെയിനിന് മുന്നിൽ ചാടിയ അമ്മ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. സർക്കാർ ഉദ്യോഗസ്ഥനായ ഇവരുടെ ഭർത്താവ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.