കൊച്ചി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നു അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശേരി സ്വദേശിയായ മേരിയാണ് മരിച്ചത്. 52 വയസായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തെ തുടർന്നാണ് മേരിയെ മകൻ കിരൺ കത്തി ഉപയോഗിച്ചു കുത്തിയത്.
കുത്തേറ്റ് കുടല്‍ പുറത്ത് വന്ന മേരിയെ ആദ്യം അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. മേരിയും തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ മേരിയെ പ്രവേശിപ്പിച്ചതിന് പിന്നാലെ രക്ഷപ്പെടാന്‍ നോക്കിയ കിരണിനെ നെടുമ്പാശേരി പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം നടക്കുമ്പോള്‍ കിരണും മേരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കിരണണ്‍ മദ്യ ലഹരിയിലായിരുന്നെന്നും വിവരമുണ്ട്.
നായത്തോട് സൗത്തിലെ ഐഎന്‍ടിയുസി ചുമട്ടുത്തൊഴിലാളി യൂണിയൻ സെക്രട്ടറിയാണ് കിരൺ. കിരണ്‍ നേരത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് ഇത് നേരിട്ട് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.