തിരുവനന്തപുരം: വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് നല്‍കി ഒരമ്മ. തിരുവനന്തപുരത്താണ് കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം.

തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലുള്ള ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ അമ്മയാണ് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. ഇവര്‍ക്ക് ആറ് മക്കളുണ്ട്. മൂത്ത കുട്ടിക്ക് ഏഴ് വയസാണ്. ഏറ്റവും ഇളയ കുട്ടിയുടെ പ്രായം മൂന്ന് മാസം മാത്രം. മൂത്ത കുട്ടി വിശപ്പടക്കാനായി മണ്ണ് വാരി തിന്നുന്ന അവസ്ഥയുണ്ടായിയെന്നും ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയാണെന്നും അമ്മ പറയുന്നു.

Read Also: ‘കുഹുകു’വിന് താളം പിടിച്ചും രമ്യയ്ക്ക് സ്‌നേഹമുത്തം നല്‍കിയും ഭാവന, വീഡിയോ

ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. ഭക്ഷണത്തിനുള്ള വക പോലും ഭര്‍ത്താവില്‍ നിന്ന് ലഭിക്കാറില്ല. വലിയ ബുദ്ധിമുട്ടിലാണെന്നും ഇവര്‍ പറയുന്നു. ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെ കഴിഞ്ഞാൽ മതിയെന്നുമാണ് അമ്മയുടെ നിലപാട്.

തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

Read Also: എനിക്ക് കുറ്റബോധമുണ്ട്; സഹോദരിയെക്കുറിച്ച് പറയവേ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്

സംഭവം വലിയ വാർത്തയായതോടെ വിഷയത്തിൽ നഗരസഭ ഇടപെട്ടു. അമ്മയ്ക്ക് നഗരസഭയിൽ താൽക്കാലിക ജോലി നൽകുമെന്നും തിരുവനന്തപുരം നഗരസഭയിലെ ഒരു ഫ്ളാറ്റ് ഇവർക്ക് താമസിക്കാൻ നൽകുമെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.