വത്തിക്കാൻ: മദർ മറിയം ത്രേസ്യ വിശുദ്ധ പദവിയിൽ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ മദർ മറിയംത്രേസ്യക്ക് പുറമെ നാലു പേരെയും ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

മദർ മറിയംത്രേസ്യക്ക് പുറമെ ഇറ്റാലിയന്‍ സന്ന്യാസ സഭാംഗം ജുസെപ്പീന വന്നീനി, ബ്രസീലിയന്‍ സന്ന്യാസ സഭാംഗം ദുൾചെ ലോപസ് പോന്തെസ്, സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരെയുമാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.

മദറിന്റെ ജന്മംകൊണ്ടും കർമംകൊണ്ടും വിശുദ്ധിയുടെ ഭൂപടത്തിൽ ഇടം നേടുകയാണ് തൃശൂർ കുഴിക്കാട്ടുശേരിയും. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥന ചടങ്ങുകളും വത്തിക്കാനിലെ ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോളി ഫാമിലി സന്ന്യാസി സഭ സ്ഥാപിക്കുകയും വസൂരി അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച, ബന്ധുക്കൾ ഉപേക്ഷിച്ച മരണാസന്നരെ തേടിപോകുകയും അവരെ ശുശ്രൂഷിക്കൂകയും ചെയ്തു. യാതനകൾ അനുഭവിച്ച കുടുംബങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച ആത്മീയ ജീവിതമായിരുന്നു മറിയം ത്രേസ്യയുടേത്.

ഭാരതത്തിൽ നിന്ന് അൽഫോൻസാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കു ശേഷം ആഗോള കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന വ്യക്തിയാണ് മദർ മറിയം ത്രേസ്യ.

കർദിനാൾ തിരുസംഘത്തിന്റെ പ്രസിഡന്റ്, മറ്റ് അനേകം കർദിനാൾമാർ, സീറോ മലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാൽപ്പത് ബിഷപ്പുമാർ തുടങ്ങി നിരവധി പേ‍ർ ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.