മലപ്പുറം: നവജാത ശിശുവിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ചേരൂരിലാണ് സംഭവം. സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് നബീലയെയും സഹോദരൻ ശിഹാബിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീയാണ് നബീല. ഇവർക്ക് ഭർത്താവിൽ രണ്ട് മക്കളുണ്ട്. മൂന്നാമത്തെ കുഞ്ഞ് അവിഹിത ബന്ധത്തിലുണ്ടായതാണെന്നും നാണക്കേട് താങ്ങാൻ തനിക്കാവില്ലെന്നും നബീലയോട് സഹോദരൻ ശിഹാബ് പറഞ്ഞതായാണ് പ്രാഥമിക വിവരം.

ശിഹാബിന്റെ നിർബന്ധത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ നബീല തീരുമാനിച്ചത്. ഇക്കാര്യം ഇവർ പൊലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

ഞായറാഴ്ച കോഴിക്കോട് ബാലുശേരിയിലും സമാനമായ വാർത്ത പുറത്തുവന്നിരുന്നു. നാല് വർഷത്തോളമായി ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന റിൻഷ എന്ന യുവതിയാണ് ജനിച്ച് രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നുകളഞ്ഞത്. കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ കൊന്ന അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്. നിർമ്മല്ലൂർ പാറമുക്ക് വലിയമലക്കുഴി കോളനിയിലാണ് റിൻഷ (22) താമസിച്ചിരുന്നത്. റിൻഷ വീട്ടിൽ തന്നെയാണ് പ്രസവിച്ചത്. ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.