തൊടുപുഴ: അമ്മയെ നഷ്ടപ്പെട്ട് കാടിറങ്ങി നാട്ടിലെത്തിയ കുട്ടിക്കൊമ്പന് ഇനി കോട്ടൂര്‍ കാപ്പുകാടുള്ള ആനവളര്‍ത്തല്‍ കേന്ദ്രത്തിന്റെ തണലില്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതോടെ കുട്ടിക്കൊമ്പനെ വനപാലകര്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കോട്ടൂരിലേക്കു കൊണ്ടുപോയി.
തള്ളയാന ചരിയുകയും മറ്റ് ആനക്കൂട്ടങ്ങള്‍ കുട്ടിയാനയെ കൂട്ടിക്കൊണ്ടു പോകാന്‍ എത്താതിരിക്കുകയും ചെയ്തതോടെയാണ് കുട്ടിക്കൊമ്പനെ കോട്ടൂരുള്ള ആന സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാന്‍ വനപാലകര്‍ തീരുമാനിച്ചത്.
Read More: കൂട്ടംതെറ്റി കുട്ടിയാന നാട്ടിലിറങ്ങി പിന്നെ സംഭവിച്ചത്- വീഡിയോ
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൂന്നാറിനു സമീപത്തുള്ള ചിന്നക്കനാല്‍ വെലക്കു ഭാഗത്തു നിന്നും കുട്ടിക്കൊമ്പന് ചിന്നക്കനാല്‍ ടൗണിലെത്തിയത്. ടൗണിനുള്ളിലൂടെ ഓടി നടന്ന കുട്ടിക്കൊമ്പന് നിമിഷങ്ങള്‍ക്കുള്ളില്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി. വിവരമറിഞ്ഞെത്തിയ ദേവികുളം റേഞ്ച് ഓഫീസര്‍ നിബുകിരണിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കുട്ടിക്കൊമ്പനെ ഏറ്റെടുത്തു താല്‍ക്കാലികമായി തയ്യാറാക്കിയ കൂട്ടിലേക്കു മാറ്റുകയായിരുന്നു.
താൽക്കാലിക കൂട്ടിലേയ്ക്ക് മാറ്റിയ കുട്ടിയാനയ്ക്ക് ലാക്ടജനും ഒആര്‍എസ് ലായനിയും കരിക്കിന് വെള്ളവും ഓരോ മണിക്കൂര്‍ ഇടവിട്ടു നല്‍കിയാണ് ആനക്കുട്ടിയുടെ ആരോഗ്യം വനപാലകര്‍ സംരക്ഷിച്ചത്. കുട്ടിയാനയ്ക്ക് കിടക്കാന്‍ കൂട്ടിനുള്ളില്‍ യൂക്കാലി ഇലകളുപയോഗിച്ചുള്ള മെത്തയും വനപാലകര്‍ ഒരുക്കിയിരുന്നു.
ആനക്കൂട്ടമെത്തുമെന്ന പ്രതീക്ഷയില്‍ രണ്ടുദിവസം തുടര്‍ന്നെങ്കിലും ആനക്കൂട്ടങ്ങള്‍ കുട്ടിയാനയെ പാര്‍പ്പിച്ചിരിക്കുന്ന കൂടിനു സമീപം എത്താതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തള്ളയാനയെ കല്ലിന് മുകളില്‍ വീണു ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. അമ്മയാന തിരിച്ചുവരില്ലെന്നുറപ്പായതോടെയാണ് ആനക്കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാന്‍ വനപാലകര്‍ തീരുമാനിച്ചത്. ആനക്കുട്ടിയെ സംരക്ഷിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്നും വനപാലകര്‍ പറയുന്നു.
Read More: അമ്മയാന ചരിഞ്ഞു: നാട്ടിലിറങ്ങിയ കുട്ടിയാന ഇനി അനാഥൻ
വനത്തിനുള്ളില്‍ ഇടിവെട്ടിയപ്പോള്‍ ഭയന്നാവാം തള്ളയാനയും കുട്ടിയാനയും തമ്മില്‍ കൂട്ടം തെറ്റിയതെന്നാണ് വനം വകുപ്പ് ഡോക്ടര്‍മാരുടെ സംശയം. ഇത്തരത്തില്‍ ഭയന്നോടുന്നതിനിടയിലാവാം തള്ളയാന വീണ് ചരിഞ്ഞതെന്നും സംശയിക്കുന്നു. കൊമ്പന്റെ ആക്രമണത്തിലാണോ പിടിയാന മരിച്ചതെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ അങ്ങനെയല്ലെന്നും കൊമ്പൻ ആക്രമിച്ചിരുന്നുവെങ്കില്‍ പിടിയാനയുടെ പിന്‍ഭാഗത്ത് പരുക്ക് കാണുമായിരുന്നുവെന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെ സര്‍ജനായ ഡോ.അബ്ദുള്‍ ഫത്താഹ് പറഞ്ഞു.