ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ക്കെതിരേ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഡോക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അപര്‍ണയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
കളക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ച നടത്തി. തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശ നല്‍കിയത്. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.