scorecardresearch

ഒന്നര വയസുകാരിയെ അമ്മയും ഫെയ്സ്ബുക്ക് കാമുകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു

കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്, ദേഹത്ത് കടികൊണ്ട് തൊലി പോയ 13 പാടുകളും ഉണ്ടായിരുന്നു, തോളെല്ല് ഒടിഞ്ഞിരിക്കുകയാണ്

rape

കൊച്ചി: ഒന്നര വയസു മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയും ഫെയ്‌സ്ബുക്ക് കാമുകനും കൂടി മര്‍ദ്ദിച്ചവശയാക്കി. ഫോര്‍ട്ട്‌കൊച്ചിയില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയും കാമുകനും ഇപ്പോള്‍ ഒളിവിലാണ്.

കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്, ദേഹത്ത് കടികൊണ്ട് തൊലി പോയ 13 പാടുകളും ഉണ്ടായിരുന്നു, തോളെല്ല് ഒടിഞ്ഞിരിക്കുകയാണ്. കൈയിലും കാലിലും വ്രണം പൊട്ടി ഉണങ്ങിയ പാടുകളുമുണ്ടായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഈ കുഞ്ഞ്.

കഴിഞ്ഞ മാസം 22നാണ് സംഭവങ്ങള്‍ക്ക് തുടക്കമെന്ന് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെയും കൊണ്ടിറങ്ങിയ യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കി. യുവതി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ജുനൈദ് എന്ന യുവാവിനൊപ്പം കഴിയുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ യുവതിയുടെ പിതാവിനൊപ്പം വിട്ടു.

രണ്ടു ദിവസം തികയും മുമ്പേ കുട്ടിയെയും കൊണ്ട് യുവതി കോഴിക്കോട്ടേക്കു പോയി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് യുവതി കുട്ടിയെ തന്റെ വീട്ടിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ വന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഭര്‍ത്താവ് കുട്ടിയുടെ ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ ഫോണ്‍ വഴിയുള്ള ബന്ധം അനൂപ് എട്ട് മാസം മുമ്പേ പിടിക്കുകയും ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ തിരികെ കിട്ടിയതോടെ യുവതി പിന്നെയും പഴയ ബന്ധം തുടര്‍ന്നു. കുട്ടിയെ ഇനി യുവതിയെയോ അവരുടെ വീട്ടുകാരെയോ ഏല്പിക്കില്ലെന്നാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് പറയുന്നത്. ഇയാള്‍ക്ക് 6 വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്. ചൈല്‍ഡ് ലൈന്‍ കേസെടുത്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mother and her facebook lover beaten kid