കൊച്ചി: പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും സുഹൃത്തും മുത്തശിയും അറസ്റ്റിൽ. അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവർ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ കമ്പിവടി കൊണ്ട് തല്ലിയൊടിക്കുകയും ശരീരത്തിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.
രാജേശ്വരിക്ക് മൂന്നു മക്കളാണുള്ളത്. ഇതിൽ മൂത്ത മകനെയാണ് മർദനത്തിനിരയാക്കിയത്. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിനാണ് കുട്ടിയെ മർദിച്ചത്. പരുക്കേറ്റ കുട്ടിയെ മുത്തച്ഛനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്.
കുട്ടിയുടെ ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.