തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നടപടികളിൽ ഭയന്ന് ജീവനൊടുക്കിയ അമ്മയുടെയും മകളുടെയും സംസ്കാരം ഇന്നു നടക്കും. ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (44), മകൾ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. 90 ശതമാനം പൊളളലേറ്റ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ജപ്തി നടപടികളെ തുടർന്ന് മകൾ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വായ്പാ തിരിച്ചടയ്ക്കാമെന്ന് ഒപ്പിട്ടു നൽകാൻ മകളെയും ബാങ്ക് മാനേജർ നിർബന്ധിച്ചു. വായ്പാ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ ഭാര്യയെ നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു.

ജപ്തി നടപടികളുമായി ബാങ്ക് വളരെ വേഗം മുന്നോട്ടു പോയതാണ് കുടുംബത്തെ സമ്മർദത്തിലാക്കിയതെന്നാണ് കലക്ടറുടെ അഭാവത്തിൽ എഡിഎം മന്ത്രിക്കു നൽകിയ പ്രാഥമിക റിപ്പോർട്ട്. അതേസമയം, അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് തളളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

Read: വൈഷ്ണവിക്ക് പിന്നാലെ അമ്മയും യാത്രയായി; ബാങ്കിനെതിരെ പ്രതിഷേധം

കാനറ ബാങ്ക് നെയ്യാറ്റിൻകര ശാഖയിൽനിന്ന് 2003 ൽ ചന്ദ്രൻ 5 ലക്ഷം രൂപ ഭവന വായ്പയെടുത്തിരുന്നു. ബാങ്കിൽനിന്നെടുത്ത വായ്പയും ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും കൊണ്ടാണ് വീട് പണിത്. 8 ലക്ഷത്തോളം രൂപ വായ്പാ ഇനത്തിൽ തിരിച്ചടച്ചു. വർഷങ്ങളായി ഗൾഫിലായിരുന്ന ചന്ദ്രൻ ജോലിപ്രശ്നങ്ങൾമൂലം ഒരു വർഷം മുൻപ് നാട്ടിലെത്തി. ഇതോടെ അടവ് മുടങ്ങി. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സർഫാസി നിയമപ്രകാരം റിക്കവറി നടപടികൾക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.

കഴിഞ്ഞ വെളളിയാഴ്ച ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതർ വീട്ടിലെത്തി. ഈ മാസം 14 നു മുൻപ് വീടും സ്ഥലവും വിറ്റ് വായ്പാ തിരിച്ചടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നൽകി. പക്ഷേ ഇന്നലെവരെ കച്ചവടം നടക്കാതായതോടെയാണ് ലേഖയും മകൾ വൈഷ്ണവിയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

അമ്മയെയും മകളെയും ആത്മഹത്യയിലേക്ക് നയിച്ച ബാങ്കിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. അതേസമയം, സമ്മർദം ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാങ്ക് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.