scorecardresearch
Latest News

മലയാളത്തിലെ ചലച്ചിത്ര നിരൂപകര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍, അരസികർ: അടൂര്‍

‘പിന്നെയും’ ആണ് ഇഷ്ടപ്പെട്ട ചലച്ചിത്ര കൃതി. ലോകം മുഴുവന്‍ കൊള്ളില്ലെന്നുപറഞ്ഞാലും പ്രശ്‌നമില്ല. ഏറ്റവും തൃപ്തി നല്‍കിയ ചിത്രമാണത്

adoor gopalkrishnan, k. jayakumar, malayalam film,

തിരൂര്‍: മലയാളത്തിലെ ചലച്ചിത്ര നിരൂപകരില്‍ ഭൂരിഭാഗവും കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വെറും അഭിപ്രായപ്രകടനങ്ങളാണ് നിരൂപണം എന്ന പേരില്‍ പ്രചരിക്കുന്നത്. കലയ്ക്കായി സ്വയം സമര്‍പ്പിച്ച് ആസ്വാദനത്തിലൂടെയും അനുശീലനത്തിലൂടെയും അറിവ് നേടിയവരാണ് ഉത്തമരായ നിരൂപകർ. എല്ലാ കലകളെക്കുറിച്ചും പ്രാവിണ്യം നേടിയ ഉത്തമ സഹൃദയരായിരിക്കണം നിരൂപകര്‍. അവര്‍ കലകളുടെ കേദാരമായിരിക്കണം. കലാസ്വാദനം സുകൃതമുള്ള സംഗതിയാണ്. കലകളിലൊന്നും താല്‍പര്യമില്ലാത്ത അരസികരായ നിരൂപകരാണ് നല്ലൊരുശതമാനവും എന്ന് അദ്ദേഹം പറഞ്ഞു. മലയാള സര്‍വകലാശാലയില്‍ ‘അടൂരിനൊപ്പം’ എന്ന പരിപാടിയില്‍ ‘ചലച്ചിത്രപഠനം: സമീപനങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

നല്ല സിനിമയ്‌ക്കൊപ്പം നല്ല ആസ്വാദകവൃന്ദത്തെക്കൂടി വളര്‍ത്തുന്നതിന് ശ്രമമുണ്ടാവണം. നേരിട്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ, അനുഭവങ്ങളെയാണ് കലാസൃഷ്ടികളാക്കി മാറ്റുന്നത്. സ്വന്തം ഭാവനയില്‍ തോന്നുന്നതാണ് കലാകാരന്‍ ആവിഷ്‌കരിക്കുക. കലാകാരന്‍ ഇങ്ങനെ ചെയ്യണമെന്ന് പറയാന്‍ അദ്ദേഹം കൂലിക്ക് എഴുതുന്ന ആളല്ല. ജീവിതം കണ്ട രീതി, പഠിച്ചറിഞ്ഞ കാര്യങ്ങള്‍, പ്രചോദനമായ സംഭവങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കലാകാരനെ സ്വാധീനിക്കുമെന്നും സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രവും വികാസപരിണാമങ്ങളും സാങ്കേതികവിദ്യയിലെ മാറ്റങ്ങളുമെല്ലാം കണ്ടറിയാന്‍ കലാകാരന് കഴിയണമെന്നും അടൂർ അഭിപ്രായപ്പെട്ടു.

‘നാടകമായിരുന്നു ആദ്യ തട്ടകം. പഠനകാലത്ത് നാടക രംഗത്ത് തിളങ്ങി നിന്നു. കേന്ദ്രസര്‍ക്കാരില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററായി ജോലി ലഭിച്ചപ്പോള്‍ ജീവിതം കണക്കെടുപ്പിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായി. 300 രൂപ ശമ്പളം ഉപേക്ഷിച്ച് 75 രൂപയുടെ സ്‌കോളര്‍ഷിപ്പില്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ​ ചേർന്നു.’ ജീവിതവും ചലച്ചിത്രാനുഭവങ്ങളുടെയും ഫ്ലാഷ് ബാക്കിലേയ്ക്ക് സംവിധായകൻ പോയി.  സർവകലാശാലയിലെ ചലച്ചിത്രപഠന വിഭാഗം സംഘടിപ്പിച്ച ‘അടൂരിനൊപ്പം’ പരിപാടിയലായിരുന്നു മലയാളത്തിന്റെ അഭിമാനസ്തംഭമായ സംവിധാകൻ ഓർമ്മകളുടെ യാത്ര നടത്തിയത്.

കുടുംബങ്ങളുടെ പിന്‍തുണയില്ലാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച യുവതീ യുവാക്കള്‍ക്ക് സമൂഹം എന്താണ് കരുതി വച്ചിരിക്കുന്നത് എന്നാണ് ആദ്യചിത്രമായ ‘സ്വയംവര’ ത്തിലൂടെ അന്വേഷിച്ചത്. തമാശയും പാട്ടുമില്ലെന്ന് വിമര്‍ശിക്കപ്പെട്ട ചിത്രം ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. അത് എന്റെയും മലയാളസിനിമയുടെയും ജീവിതത്തെ മാറ്റി. നല്ല മുഖമുള്ള നടനില്ലെന്നായിരുന്നു ‘കൊടിയേറ്റ’ത്തിനെതിരെയുള്ള വിമര്‍ശം. നമ്മുടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സിനിമയാണ് വേണ്ടത് എന്ന തെറ്റിദ്ധാരണയുള്ള കാലമായിരുന്നു അത്.

തന്റെ പല ചിത്രങ്ങള്‍ക്കും അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ലഭിച്ചില്ല. ‘എലിപ്പത്തായ’ത്തിന് പ്രാദേശിക സിനിമയ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. ‘മതിലുകള്‍’ കണ്ടുകഴിഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കണ്ണ് നിറഞ്ഞു. മോശമായ ഒരു നിമിഷം പോലും ചലച്ചിത്രത്തിലില്ല എന്ന അദ്ദേഹത്തിന്റെ പ്രതികരണം ജീവിതത്തില്‍ വലിയ അംഗീകാരമായി കാണുന്നു. ബഷീറുമൊത്തുള്ള അനുഭവം മനോഹരമായിരുന്നു. അവനവന്‍ എഴുതിയതിനപ്പുറം കൃതിയ്ക്ക് മറ്റൊരു ജീവിതമുണ്ടെന്ന് ബഷീറിന് അറിയാമായിരുന്നു. രാഷ്ട്രം സ്വതന്ത്രമായിട്ടും എന്തുകൊണ്ട് നാം അടിമകളായി ശേഷിക്കുന്നു എന്ന ചോദ്യമാണ് വിധേയന്‍ ഉന്നയിക്കുന്നത്.

അടൂർ തന്റെ  ഏറ്റവും പുതിയ ചിത്രമായ “പിന്നെയും” എന്ന സിനിമയെ കുറിച്ചും നിലപാട് വ്യക്തമാക്കി. ഏറെ വിമർശനത്തിന് വിധേയമായ സിനിമയായിരുന്നു പിന്നെയും. ദിലീപും കാവ്യാമാധവനും ആദ്യ അടൂർ ചിത്രം എന്ന നിലയിലും ആ ചിത്രം ചർച്ചയായിരുന്നു.

‘പിന്നെയും’ ആണ് ഇഷ്ടപ്പെട്ട ചലച്ചിത്ര കൃതി. ലോകം മുഴുവന്‍ കൊള്ളില്ലെന്നുപറഞ്ഞാലും പ്രശ്‌നമില്ല. ഏറ്റവും തൃപ്തി നല്‍കിയ ചിത്രമാണത്. അഭിമാനപൂര്‍വ്വം സമയമെടുത്താണ് ചിത്രം ചെയ്തത്. സുകുമാരക്കുറിപ്പിനെ കുറിച്ചല്ല ആ ചിത്രം. മരണം ഫെയ്ക്ക് ചെയ്യുമ്പോള്‍ ഒരാള്‍ മരിക്കുക തന്നെയാണെന്നാണ് ചിത്രം പറയുന്നത്. എങ്ങനെയും പണം ഉണ്ടാക്കിയാല്‍ മതിയെന്ന വര്‍ത്തമാനകാലത്തിന്റെ തെറ്റിദ്ധാരണക്കെതിരെയുള്ള പ്രസ്താവനയാണത്.

പുതിയ തലമുറ കച്ചവടസിനിമകളും സീരിയലുകളും കണ്ട് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു. സീരിയലുകള്‍ സാംസ്‌കാരികമായി പൂര്‍ണ്ണ മലിനീകരണ മാണ്. സിനിമ എല്ലാവരെയും രസിപ്പിക്കണമെന്ന സങ്കല്‍പ്പം ഈ കലാരൂപത്തിന് ശാപമാണ്.

മലയാളചലച്ചിത്രരംഗത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദുഃഖകരമാണെന്ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് അടൂര്‍ മറുപടി പറഞ്ഞു. നല്ല കാര്യങ്ങളെല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്, അടൂർ അഭിപ്രായപ്പെട്ടു.

വിട്ടുവീഴ്ചയില്ലാത്ത ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഫ്രെയ്മിലും ജീവിതത്തിലും കാണുന്ന വ്യക്തതയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. തന്റെ ജീവിതം കൊണ്ട് എന്തു ചെയ്യണമെന്നും സിനിമ എന്താണ് സംവേദനം ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് തികഞ്ഞ വ്യക്തതയുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ‘അടൂരിനൊപ്പം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുമകളോടും മാറ്റങ്ങളോടും സമരസപ്പെടുകയും ചില മൂല്യങ്ങളോട് സമരസപ്പെടാതിരിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ട്യം. ഇന്നും യൗവ്വനയുക്തനായ സംവിധായകനാണ് അടൂര്‍. അദ്ദേഹത്തിന്റെ ഓരോ ഫ്രെയ്മിലും യുവത്വം തുടിക്കുന്നുണ്ട്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ സംവിധാനമോ തിരക്കഥാരചനയോ പഠിക്കുന്നതിനപ്പുറം നല്ല സിനിമ ഏത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Most malayalam film critics are clueless adoor gopalakrishnan