തിരുവനന്തപുരം: കേരളത്തിൽ ലൈംഗിക അപവാദകേസുകകളും സ്ത്രീകൾക്കെതിരായ പെരുമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരിൽ ഭൂരിപക്ഷവും ഗതാഗതമന്ത്രിമാരായിരുന്നവർ. കേരളത്തിൽ സ്ത്രീകളോടുളള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്നവരിൽ ഭൂരിപക്ഷവും ഗതാഗതവകുപ്പ് ഭരിച്ചവരോ ഭരിക്കുന്ന സമയത്തോ ആണ്. ഇതിൽ രണ്ടാംസ്ഥാനം വനംവകുപ്പിനുമാണ്. മൂന്നാംസ്ഥാനത്ത് ആഭ്യന്തരവകുപ്പും.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായ 1996 ലെ എൽ​ഡിഎഫ് സർക്കാരിന്റെ കാലം മുതലാണ് ഗതാഗത മന്ത്രിമാരുടെ അധികാരം താഴെയിട്ട ലൈംഗിക അതിക്രമ ആരോപണങ്ങളുണ്ടാകുന്നത്. അന്ന് ഗതാഗത മന്ത്രിയായിരുന്ന ഡോ. എ​.നീലലോഹിതദാസൻ നാടാർക്കാണ് വിവാദത്തിൽ മന്ത്രി സ്ഥാനം തെറിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിയെ തുടർന്നാണ് മന്ത്രിസ്ഥാനം നഷ്ടമായത്. അതേസമയം തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥയും അദ്ദേഹത്തിനെതിരായി പരാതി നൽകിയിരുന്നു.

Read More: ലൈംഗിക ആരോപണം: എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചു

പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായത് കെ.ബി.ഗണേശ് കുമാറിന്. ഭാര്യ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോൾ വനംവകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. അതിന് മുന്പുളള ആന്റണി സർക്കാരിന്റെ കാലത്ത് അദ്ദേഹം ഗതാഗതമന്ത്രിയായിരുന്നു. പിന്നീടുളള ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വനം മന്ത്രിയായിരിക്കെയാണ് ഗണേശിന് മന്ത്രിസ്ഥാനം ഇങ്ങനെ രാജിവയ്ക്കേണ്ടി വന്നത്.

ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് തന്നെ മറ്റൊരു മുൻ ഗതാഗതമന്ത്രിയും ലൈംഗിക ആരോപണ വിധേയനായി.  വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിലായിരുന്നു ജോസ് തെറ്റയിൽ ഗതാഗതമന്ത്രിയായിരുന്നത്.  എൽഡിഎഫിന്റെ അങ്കമാലി എംഎൽഎയും ജനതാദൾ (എസ്) നേതാവുമായി ജോസ് തെറ്റയിലിനെതിരായാണ് ആരോപണം ഉയർന്നത്. എന്നാൽ പിന്നീട് ഈ ആരോപണത്തിന്റെ പേരിൽ നൽകിയ കേസ് കോടതി തളളി. ആരോപണം ഉന്നയിച്ച സ്ത്രീ പിന്നീട് തന്നെ ചില കോൺഗ്രസ് നേതാക്കൾ തന്നെ കബളിപ്പിച്ചതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ജോസ് തെറ്റയിൽ ഇത്തവണ മത്സരരംഗത്ത് നിന്നും മാറുകയും ചെയ്തു.

പിന്നീട് മന്ത്രിസ്ഥാനം തെറിച്ച ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ്. ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതോടെയാണ് ധാർമികതയേറ്റെടുത്ത് രാജിവച്ചത്. ഒരുപക്ഷേ, ആരോപണം ഉയർന്ന് ഉടൻ തന്നെ രാജിവച്ച ആദ്യത്തെ മന്ത്രിയും ശശീന്ദ്രൻ തന്നെയാകും. നാലു മണിക്കൂറിനുളളിൽ അദ്ദേഹം രാജിവച്ചു.

ഗതാഗതവകുപ്പ് കഴിഞ്ഞാൽ​ പിന്നെ വനംവകുപ്പ് ഭരിച്ചവരാണ് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നവർ. ഈ രണ്ടുപേരും ഗതാഗതമന്ത്രിമാരും ആയിരുന്നു. നീലലോഹിത ദാസൻ നാടാരും ഗണേശ് കുമാറുമാണ് വനം വകുപ്പും ഗതാഗതവകുപ്പും ഭരിച്ചവർ.

Read More: കെഎസ്‌യുവിലൂടെ പൊതുപ്രവർത്തനം; എലത്തൂരിൽനിന്നും പിണറായി മന്ത്രിസഭയിലേക്ക്

ആഭ്യന്തരവകുപ്പ് ഭരിച്ച രണ്ടുപേരാണ് സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട് അധികാരം നഷ്ടമായത്. ആഭ്യന്തര മന്ത്രിയായിരക്കെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന പി.ടി.ചാക്കോയാണ് അതിൽ ആദ്യത്തെയാൾ. രണ്ടാമൻ പൊതുമരാമത്ത് മന്ത്രിയായപ്പോൾ രാജിവച്ച പി.ജെ.ജോസഫാണ്.

ജോസഫ് ആദ്യത്തെ ആന്റണി സർക്കാരിന്റെ കാലത്ത് എട്ടുമാസക്കാലം ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 1978 ജനുവരി മുതൽ സെപ്റ്റംബർ വരെ ജോസഫ് ആഭ്യന്തരമന്ത്രിയായിരുന്നു. ഡിസംബറിൽ കെ.എം.മാണി രാജിവച്ചതിനെ തുടർന്ന് ആഭ്യന്തരമന്ത്രിയാവുകയായിരുന്നു ജോസഫ്. ജോസഫ് രാജിവച്ചതിന് പിന്നാലെ മാണി വീണ്ടും ആഭ്യന്തരമന്ത്രിയായി.

Read More: മാറുന്ന സർക്കാരുകൾ മാറാത്ത ലൈംഗിക അപവാദങ്ങൾ, കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗിക ആരോപണങ്ങൾ

വ്യവസായ മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഏറെക്കാലം രാജിവയ്ക്കാതെ പിടിച്ചു നിന്നത്. 1996ലെ എൽ​ഡിഎഫ് മന്ത്രിസഭാ കാലത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം കേസ് ഉയർന്നുവന്നത്. ഇത് അന്നു കെട്ടടങ്ങിയെങ്കിലും ഉമ്മൻചാണ്ടി ആദ്യം മുഖ്യമന്ത്രിയായ വർഷം റജീനയുടെ വെളിപ്പെടുത്തലോടെ വീണ്ടും സജീവമായി. അന്നു ശക്തമായ പ്രക്ഷോഭം ഉയർന്നതോടെ കുഞ്ഞാലിക്കുട്ടിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് അദ്ദേഹം തോൽക്കുകയും ചെയ്തു. വീണ്ടും കെട്ടടങ്ങിയ വിവാദം സജീവമായത് റൗഫിന്റെ വെളിപ്പെടുത്തലോടെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ഐസ്ക്രീം ഒതുക്കിതീർത്തതിൽ പ്രധാനിയുമാണെന്ന് അവകാശവാദത്തോടെയായിരുന്നു റൗഫിന്റെ വെളിപ്പെടുത്തൽ. അതും പിന്നീട് കെട്ടടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ