തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര റയിൽ വികസനത്തിന് ഏഴ് ബൃഹത് പദ്ധതികൾക്കായി സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ടയച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെയും റയിൽവേയുടെയും സംയുക്ത കന്പനിയായ കേരള റയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ബോർഡ് യോഗം ചേർന്നാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. സംസ്ഥാനങ്ങളിലെ റയിൽ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരത്തേ റിപ്പോർട്ട് തേടിയിരുന്നു.

തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ പദ്ധതിക്കാണ് പട്ടികയിൽ പ്രഥമ പരിഗണനയുള്ളത്. ഇതിന് പക്ഷെ 3000 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. റയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ പദ്ധതിയുടെ 26 ശതമാനം നിക്ഷേപം നടത്തും. ബാക്കി വരുന്ന തുക വായ്‌പ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ഈ പദ്ധതി മാത്രമാണ് വിശദമായ പദ്ധതി റിപ്പോർട്ട് പൂർത്തീകരിച്ചിട്ടുള്ളത്. മാർച്ചിൽ പ്രധാനമന്ത്രി പദ്ധതി അംഗീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

ആദ്യ ഘട്ടത്തിൽ കൊച്ചി വിമാനത്താവള റയിൽ ലിങ്ക് പദ്ധതി, കൊച്ചി പഴയ റയിൽവേ സ്റ്റേഷൻ പുനരുദ്ധാരണം, തലശേരി – കണ്ണൂർ വിമാനത്താവളം-മൈസൂർ റയിൽപാതയും പരിഗണനയിലുണ്ട്. എരുമേലി-പുനലൂർ റയിൽ പാത, നിലന്പൂർ-നഞ്ചൻകോട് റയിൽ പാത, ഏറ്റുമാനൂർ-പാല-ശബരി ലിങ്ക് പാത എന്നിവ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവയാണ്.

റയിൽ വികസനം കേന്ദ്രം ഒറ്റയ്‌ക്ക് നടപ്പിലാക്കുന്പോൾ അർഹമായ പരിഗണന ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാനം കൂടി ഇതിന്റെ ഭാഗമാകുന്നത്. ഇതിനായി പ്രത്യേകം രൂപീകരിച്ച റയിൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ സംസ്ഥാനത്തിന് 51 ശതമാനം ഓഹരിയും കേന്ദ്ര റയിൽ വകുപ്പിന് 49 ശതമാനം ഓഹരിയുമാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.