തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 23 ന് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിനുള്ള നടപടികളും ശുചീകരണ പ്രവര്‍ത്തനങ്ങളും സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പനി പ്രതിരോധിക്കാന്‍ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈമാസം 27 മുതൽ മൂന്നുദിവസം ശുചീകരണ യജ്ഞം നടത്തുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും മൂന്ന് ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം 27, 28, 29 തീയതികളില്‍ സംസ്ഥാനമൊട്ടാകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പനി ബാധിത മേഖലകളെ മൂന്നായി തിരിച്ചാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഹൈ റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നീ മേഖലകളായാണ് തരം തരിക്കുക. ഹൈറിസ്‌ക് മേഖലയില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ ജില്ലയിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ നിയമിച്ചു. തിരുവനന്തപുരം (കടകംപള്ളി സുരേന്ദ്രന്‍), കൊല്ലം (മേഴ്‌സിക്കുട്ടിയമ്മ), പത്തനംതിട്ട (മാത്യു ടി തോമസ്) , ആലപ്പുഴ (ജി സുധാകരന്‍), കോട്ടയം (കെ രാജു), ഇടുക്കി (എം എം മണി), എറണാകുളം (തോമസ് ഐസക്), തൃശ്ശൂര്‍ (എ സി മൊയ്തീന്‍), പാലക്കാട് (എ കെ ബാലന്‍), മലപ്പുറം (കെ ടി ജലീല്‍), കോഴിക്കോട് (കെ കെ ശൈലജ) വയനാട് (വി എസ് സുനില്‍കമാര്‍) കണ്ണൂര്‍ (കടന്നപ്പള്ളി രാമചന്ദ്രന്‍) കാസര്‍കോട് (ഇ ചന്ദ്രശേഖരന്‍) എന്നിവരാണ് ചുതല വഹിക്കുക.

പനി നേരിടാൻ മന്ത്രിസഭായോഗത്തിലെടുത്ത മറ്റു തീരുമാനങ്ങൾ:

ഡോക്ടർമാരുടെ കുറവു നികത്താൻ അടിയന്തര ഇടപെടൽ നടത്തും

പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും

സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും നഴ്സുമാരെയും ഉൾപ്പെടുത്തും

കൂടുതൽ രോഗികളുള്ളിടത്തു കിടത്തി ചികിൽസയ്ക്കു സൗകര്യമൊരുക്കും

ആശുപത്രികളിലെ ഉപയോഗിക്കാത്ത കെട്ടിടങ്ങളിൽ പനി വാർഡുകൾ തുറക്കും

തിരക്കുള്ള പ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ തുറക്കും

രോഗനിർണയത്തിനു കൂടുതൽ സൗകര്യമേർപ്പെടുത്തും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.