കൊച്ചി: ഗോവയടക്കം എട്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് ഇനി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ഉണ്ടാകും. ഇതിന് പുറമെ കുവൈറ്റ്, ക്വലാലംപൂർ, മാലി എന്നീ വിദേശ നഗരങ്ങളിലേക്കടക്കം അധിക സർവ്വീസുകളും പ്രഖ്യാപിച്ചു. ശീതകാല സമയപ്പട്ടിക പുറപ്പെടുവിച്ചപ്പോഴാണ് പുതിയ സർവ്വീസുകളുടെ പ്രഖ്യാപനവും നടത്തിയത്.
ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗപൂര്‍, ലക്‌നൗ, ഗോഹട്ടി എന്നീ നഗരങ്ങളിലേയ്ക്ക് ഇതാദ്യമായി കൊച്ചിയിൽ നിന്ന് സർവ്വീസുണ്ടാകും. ഈ നഗരങ്ങൾക്ക് പുറമെ കൊൽക്കത്ത, ഭുവനേശ്വർ, ജയ്‌പൂർ വിമാനത്താവളങ്ങളിലേക്ക് ആദ്യമായി നേരിട്ടുളള വിമാന സർവ്വീസ് ഉണ്ട്.
ഗോവയിലേയ്ക്ക് ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗോവയിലേയ്ക്ക് എല്ലാദിവസവും രാത്രി 9.40 നാണ് ഇന്‍ഡിഗോ വിമാനം. ഗോ എയര്‍ പുലര്‍ച്ചെ 3.20 നും. ഡിസംബര്‍ ഒന്നിന് ഇന്‍ഡിഗോയും നവംബര്‍ 15 ന് ഗോ എയറും ഗോവ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് സിയാലിനെ അറിയിച്ചിട്ടുള്ളത്.
ഗോവ ഒഴിച്ച് മറ്റ് അഞ്ച്  നഗരങ്ങളിലേയ്ക്കും ഇന്‍ഡിഗോയാണ് പുതിയ സര്‍വീസുകള്‍ നടത്തുക.  ഭുവനേശ്വരിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനം പുലര്‍ച്ചെ 5.35 ന് പുറപ്പെടും. വിശാഖപട്ടണത്തേയ്ക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.10 നും ചൊവ്വാഴ്ച 1.40 നും വിമാനം പുറപ്പെടും. ഭുവനേശ്വര്‍,വിശാഖപട്ടണം സര്‍വീസുകള്‍ ഡിസംബര്‍ ഒന്നിന് തുടങ്ങും.
നവംബര്‍ 15 മുതല്‍ നാഗ്പൂരിലേയ്ക്ക് വിമാനമുണ്ടാകും. രാത്രി ഒമ്പതാണ് പുറപ്പെടല്‍ സമയം. ലക്‌നൗവിലേയ്ക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.20 ന് വിമാനം പുറപ്പെടും. ഗോഹട്ടിയിലേയ്ക്ക് രാവിലെ 5.40 നാണ് വിമാനം പുറപ്പെടുക. ലക്‌നൗ, ഗോഹട്ടി സര്‍വീസുകള്‍ ഡിസംബര്‍ ഒമ്പതിന് തുടങ്ങും.
ഇവയ്ക്ക് പുറമെ, കണക്ഷന്‍ വിമാനങ്ങളുള്ള ജയ്പൂരിലേയ്ക്കും കൊല്‍ക്കത്തയിലേയ്ക്കും ഇനി നേരിട്ട് പറക്കാനാകുമെന്നതും യാത്രക്കാർക്ക് ഉപകാരമാകും. ഗോ എയര്‍ അഹമ്മദാബാദ് വഴി ജയ്പൂര്‍ വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെയാണ് നവംബര്‍ 15 മുതല്‍ ഇന്‍ഡിഗോയുടെ നേരിട്ടുള്ള ജയ്പൂര്‍, കൊല്‍ക്കൊത്ത സര്‍വീസുകൾ. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.05 ന് ജയ്പൂര്‍ വിമാനം പുറപ്പെടും.  കൊല്‍ക്കത്ത വിമാനം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴിന് പുറപ്പെടും.
ശീതകാല സമയപ്പട്ടിക പൂര്‍ണതോതില്‍ പ്രാവർത്തികമാകുന്നതോടെ കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുള്ള രാജ്യത്തെ നഗരങ്ങളുടെ എണ്ണം 21 ആകും. ബാംഗ്ലൂര്‍ ആണ് മുന്നില്‍. പ്രതിദിനം ശരാശരി 15 സര്‍വീസുകള്‍ ബാഗ്ലൂരിലേയ്ക്കുണ്ട്.   ഗോ എയര്‍ ഏഴും ഇന്‍ഡിഗോ 14 ഉം എയര്‍ ഇന്ത്യ ഒന്നും അധിക ആഭ്യന്തര സര്‍വീസുകള്‍ ശീതകാല സീസണില്‍ നടത്തും. സ്‌പൈസ് ജെറ്റ് രണ്ട്  സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യാന്തര മേഖലയില്‍ ഇന്‍ഡിഗോ കുവൈറ്റിലേയ്ക്കും മാലിയിലേയ്ക്കും അധിക സര്‍വീസുകള്‍ തുടങ്ങും. ജെറ്റ് മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി.
രാജ്യാന്തര സെക്ടറില്‍ 16 നഗരങ്ങളിലേയ്ക്ക് കൊച്ചിയില്‍ നിന്ന് വിമാനസര്‍വീസുണ്ട്. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ എയര്‍ ഏഷ്യ ആഴ്ചയില്‍ മൂന്ന് തവണ ക്വലാലംപൂരിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ജനുവരി ഒന്നിന് തുടങ്ങും. എയര്‍ ഏഷ്യ, മലിന്‍ഡോ എന്നീ വിമാനക്കമ്പനികള്‍ ആഴ്ചയില്‍ 24 ക്വലാലംപൂര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ശീതകാല സര്‍വീസുകളുടെ കാലാവധി ഒക്ടോബർ 28 മുതൽ മാര്‍ച്ച് 30 വരെയാണ്. വേനല്‍കാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ മൊത്തം 1360 സര്‍വീസുകളാണുള്ളത്. ശീതകാല പട്ടികയില്‍ അത് 1734 ആയി ഉയരും. പ്രതിദിനം 124 ലാന്‍ഡിങ്ങും 124 ടേക് ഓഫും ഉണ്ടാകും. ആഭ്യന്തര മേഖലയില്‍ എട്ട്  പുതിയ നഗരങ്ങളിലേയ്ക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നതിന് പുറമെ നിലവിലുള്ള മിക്ക സര്‍വീസുകളുടേയും എണ്ണം കൂടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook