തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ കൂടുതൽ യുവതികൾ എത്തുമെന്ന് റിപ്പോർട്ട്. 550ൽ അധികം യുവതികളാണ് ശബരിമല ദർശനത്തിനായി ഓൺലൈൻ പോർട്ടൽ സംവിധാനം വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി കൂടുതൽ സ്ത്രീകൾ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

മൂന്നര ലക്ഷത്തോളം പേരാണ് ഇതിനോടകം മണ്ഡലകാലത്തേക്കായി പോർട്ടലിൽ ബുക്ക് ചെയ്‌തിരിക്കുന്നത്. ഇതിൽ 550 പേരും 10 നും 50 നും വയസിന് ഇടയിൽ പ്രായുള്ളവരാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഐടി സെൽ ഡിജിപിക്ക് കൈമാറി.

ഒക്ടോബര്‍ 30നാണ് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. വെബ് പോർട്ടലിൽ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസി ടിക്കറ്റും ദർശനത്തിനുള്ള സമയവും ബുക്ക് ചെയ്യാനാകും.

അതേസമയം, സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകും എന്നിരിക്കെ ദർശനത്തിനായി രജിസ്‌ട്രേഷൻ നടത്തിയ യുവതികളെ ശബരിമലയിൽ എത്തിക്കുന്നത് പൊലീസിന് വെല്ലുവിളിയാകും. നേരത്തെ തുലാമാസ പൂജകൾക്കായും ചിത്തിര ആട്ടത്തിരുന്നാൾ വിശേഷാൽ പൂജയ്ക്കായും ശബരിമല നട തുടർന്നപ്പോൾ വലിയ പ്രതിഷേധങ്ങളാണ് ശബരിമലയിൽ അരങ്ങേറിയത്.

വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തോളംപേര്‍ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് ലിങ്ക് തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് വെബ്സൈറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ ഇതരസംസ്ഥാന ഭക്തരും കൂടുതലായി ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ