തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എന്‍ഡിആര്‍എഫിന്റെ 40 യൂണിറ്റുകള്‍, 200 ലൈഫ് ബോയികള്‍ എന്നിവ അടിയന്തരമായി എത്തിക്കും. 250 ലൈഫ് ജാക്കറ്റുകള്‍, ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സ്, എയര്‍ഫോഴ്‌സ് പത്തെണ്ണം കൂടി നാളെ എത്തും. നേവിയുടെ നാല് ഹെലികോപ്‌റ്റേഴ്‌സ്, മൈറന്‍ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകള്‍ എത്രയും പെട്ടെന്നു തന്നെ എത്തിക്കും. വരുന്ന ദിവസങ്ങളില്‍ അഞ്ചെണ്ണം കൂടി എത്തും. ഡ്രൈ ഫുഡ് വിതരണം ചെയ്യാനുള്ള സംവിധാനം. കുടിവെളളം റെയിൽവേ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളും പ്രൈവറ്റ് ബോട്ടുകളും നാളെ ഉപയോഗപ്പെടുത്തും.

രാജ്യ സുരക്ഷാ വകുപ്പിനോടും ആഭ്യന്തര വകുപ്പിനോടും ഒട്ടേറ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ആര്‍മി സ്‌പെഷ്യല്‍ ടീമിന്റെ നാല് ടീമുകള്‍ കൂടി, പത്ത് നേവി യൂണിറ്റുകള്‍, എന്‍ഡിആര്‍എഫിന്റെ അഞ്ച് യൂണിറ്റുകള്‍ എന്നിവ അടിയന്തരമായി അയക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് കൂടാതെ പത്ത് MI 17 ഹെലിക്‌പോറ്ററുകള്‍, 10 ALH ഹെലികോപ്റ്ററുകള്‍, 98 മോട്ടോറൈസ്ഡ് ബോട്ടുകള്‍, 48 മോട്ടോര്‍ രഹിത ബോട്ടുകള്‍ എന്നിവ രാജ്യരക്ഷാ വകുപ്പില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1098 ലൈഫ് ജാക്കറ്റുകള്‍, 512 ലൈഫ് ബോയ്, 262 ടവര്‍ ലൈറ്റ്, 1275 റെയില്‍ കോട്ട്, 106 ചെയിന്‍സോ, 1357 ഗം ബോട്ട് എന്നിവയാണ് കേരളം ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എറണാകുളത്ത് ഇന്ന് 8500 പേരെയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട 550 പേരേയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പല സ്ഥലത്തും വീടുകള്‍ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന സാഹചര്യമായതിനാലാണ് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാകുന്നത്. വികേന്ദ്രീകൃതമായ രക്ഷാപ്രവര്‍ത്തനമായിരിക്കും നാളെ മുതൽ സംസ്ഥാനത്ത് നടക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദുരന്ത പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ഉപയോഗപ്പെടുത്തും. ദുരാതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും.

കേന്ദ്ര ഏജന്‍സികള്‍, ഫയര്‍ ഫോഴ്‌സ്, ടൂറിസം വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തും. ഇന്ന് 280 ഓളം ബോട്ടുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നത്. നാളെ 23 ഹെലികോപ്റ്ററുകളേയും ഉപയോഗിക്കും. കൂടുതല്‍ കുത്തൊലിപ്പുള്ള സ്ഥലത്തായിരിക്കും ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ രാവിലെ മുതല്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ബാക്കി ഹെലികോപ്റ്ററുകള്‍ ആവശ്യം അനുസരിച്ച് ഉപയോഗിക്കും.

രക്ഷപ്പെടുത്തിയവരെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വയനാട്ടിലെ ആദിവാസികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്നും അറിയിച്ചു. കേരളത്തെ പുനര്‍നിര്‍മ്മക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനായി കൂടുതല്‍ ഫണ്ട് സ്വരൂപിക്കേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.