തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തും. പൂർണമായി അൺലോക്കിലേക്ക് മാറാതെ ഘട്ടം ഘട്ടമായി ഇളവ് കൊണ്ടുവരും. ഇതിന്റെ ഭാഗമായി പ്രാദേശിക രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും.
സംസ്ഥാനമാകെ ഒരേ തരത്തിലുള്ള നിയന്ത്രണങൾ വരുത്തുന്നത് ഒഴിവാക്കി സോണുകളാക്കി തിരിച്ചാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളേർപ്പെടുത്തുക.
സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ഏഴ് ദിവസത്തെ ശരാശരി ടിപിആർ എട്ട് ശതമാനത്തിന് താഴെ വന്നാൽ അതിനെ കുറഞ്ഞ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. എട്ടിനും 20 ശതമാനത്തിനും ഇടയിലാണ് വ്യാപനമെങ്കിൽ ഇടത്തരം വ്യാപനമുള്ള ഇടമായി കണക്കാക്കും.
20 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എങ്കിൽ അവിടെ തീവ്രവ്യാപനമേഖലയായി കണക്കാക്കും. 30 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ അതി തീവ്രവ്യാപനമേഖലയായി കണക്കാക്കും.
ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ഇവിടങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ മാത്രം തുറക്കാൻ അനുമതി നൽകും.
നിയന്ത്രണങ്ങളും ഇളവുകളും
- ജൂൺ 17 മുതൽ സംസ്ഥാനത്ത് പൊതു ഗതാഗതം മിതമായ തോതിൽ അനുവദിക്കും.
- ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കും.
- സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.
- ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും.
- ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും.
- അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും.
- ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും. ആപ്പ് വഴി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
- മാളുകൾ തുറക്കാൻ അനുമതിയില്ല.
- സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
- അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
- ടിപിആർ 30ന് മുകളിലുള്ള ഇടങ്ങളി ശക്തമായ നിയന്ത്രണങ്ങൾ.
- വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും.
- ലോട്ടറി വിൽപന പുനരാരംഭിക്കുന്നത് പരിഗണിക്കും.
- പരീക്ഷകൾക്ക് അനുമതി.
- ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇന്ന് ഒരു മാസത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. മേയ് എട്ടു മുതല്‍ ഒന്‍പതു ദിവസത്തെ ലോക്ക്ഡൗണാണു ആദ്യം പ്രഖ്യാപിച്ചത്. അത് ഘട്ടംഘട്ടമായി നീട്ടുകയായിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.