തൃശൂര്‍: ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് തൃശൂര്‍ അതിരൂപത. ലൗ ജിഹാദിനു തെളിവ് അമ്മമാരുടെ കണ്ണീരാണെന്നും സഭയ്ക്കെതിരെ മാധ്യമങ്ങളും സഭാ വിരുദ്ധരും നാണംകെട്ട അഴിഞ്ഞാട്ടം നടത്തുകയാണെന്നും അതിരൂപതയുടെ പ്രതിമാസ പത്രം ‘കത്തോലിക്കാസഭ’യില്‍ പറയുന്നു.

Read More: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം മറയാക്കി സഭാവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ലൗ ജിഹാദ് എന്ന സാങ്കേതിക പദമില്ലാത്തതിനാല്‍ ആ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നത് ശരിയാണ്. ഇതിനര്‍ഥം ലൗ ജിഹാദിന്റെ സ്വഭാവത്തില്‍ മറ്റു മതവിഭാഗങ്ങളിലെ യുവതികളെ പ്രലോഭിപ്പിച്ചും ചതിച്ചും പീഡിപ്പിച്ചും മതം മാറ്റുകയും ഐഎസ് പാളയത്തില്‍ എത്തിക്കുകയും ചെയ്തിട്ടില്ല എന്നതല്ല. കേരളത്തില്‍ സിറോ മലബാര്‍ സഭയില്‍ നിരവധി പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിട്ടുള്ള സംഭവങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ ‘കത്തോലിക്കാസഭ’ ദിനപത്രത്തില്‍ പറയുന്നു.

Read More: ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചേക്കും; സൂചനയുമായി ഭീം ആർമി

സമൂഹത്തെയും കുടുംബങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമായാണ് സഭ ലൗ ജിഹാദിനെതിരെ പ്രതികരിച്ചത്. ഇസ്ലാം മതവുമായി നിലനില്‍ക്കുന്ന സൗഹൃദത്തെ ഒരു തരത്തിലും ബാധിക്കുന്ന തരത്തിലല്ല സഭ സിനഡ് ലൗ ജിഹാദിനെ ചൂണ്ടിക്കാട്ടിയതെന്നും ‘കത്തോലിക്കാസഭ’ പത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലൗ ജിഹാദിന്റെ പേരില്‍ നൂറ് കണക്കിനു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി കടത്തികൊണ്ടു പോയിട്ടുണ്ട്. പല രൂപതകളിലും ഇത്തരം സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. പലരും ദുഃഖം ഉള്ളിലൊതുക്കി വിഷമിച്ചുകഴിയുകയാണ്. പെണ്‍മക്കളെ നഷ്ടപ്പെട്ട നിരവധി അമ്മമാരുടെ കണ്ണീര് കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങളും ചാനലുകളും സിറോ മലബാര്‍ സഭയെ അതിക്രൂരമായി വെല്ലുവിളിക്കുകയാണെന്നും ‘കത്തോലിക്കാസഭ’ പത്രത്തില്‍ പറയുന്നുണ്ട്.love jihad, catholica sabha, iemalayalam

ലൗ ജിഹാദ് കേസുകളെ കുറിച്ച് ലോക്സഭയില്‍ ചോദ്യം ഉന്നയിച്ച ബെന്നി ബെഹനാന്‍ എംപിക്കെതിരെയും ‘കത്തോലിക്കാസഭ’യില്‍ വിമര്‍ശനമുണ്ട്. ക്രിസ്ത്യാനികളുടെ വോട്ടു നേടി വിജയിച്ച ബെന്നി ബെഹനാന്റെ ലോക്സഭയിലെ ചോദ്യത്തിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് വ്യക്തമാണെന്ന് ‘കത്തോലിക്കാസഭ’ പത്രത്തില്‍ പറയുന്നു. കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ ഇല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ച വിവരം അറിവുണ്ടോയെന്നായിരുന്നു ബെന്നി ബെഹനാന്റെ അനവസരത്തിലുള്ള ചോദ്യം. ആര്‍ക്കുവേണ്ടിയാണ് എംപി ഇക്കാര്യം ചോദിച്ചതെന്ന് സംശയിക്കണം. ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന സഭാ വിരുദ്ധരുടെ കളിപ്പാവയായി ബെന്നി ബെഹനാന്‍ മാറിയതില്‍ അത്ഭുതപ്പെടാനില്ലെന്നും കത്തോലിക്കാസഭയില്‍ പറയുന്നു. ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിലെ രാഷ്ട്രീയമാനം തിരിച്ചറിയാതെയാണ് മാധ്യമങ്ങള്‍ സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും തൃശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ പറയുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.