കൊച്ചി: എല്‍ദോസ് കുന്നപ്പിളളി എം എല്‍ എയ്‌ക്കെതിരായ പീഡന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പരാതി പിന്‍വലിക്കാനായി തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എം എല്‍ എക്കെതിരെ ആദ്യം വനിതാ സെല്ലിലും പിന്നീട് കമ്മിഷണര്‍ക്കും പരാതി നല്‍കുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു
എം എല്‍ എയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ട്. എം എല്‍ എയുടെ പി എ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. സ്വഭാവം മോശമാണെന്നു മനസിലാക്കി പിന്മാറാൻ ശ്രമിച്ചപ്പോഴാണ് പ്രകോപനമുണ്ടായത്. എം എല്‍ എ മദ്യപിച്ച് വീട്ടിലെത്തി മര്‍ദിച്ചതായും ശല്യം സഹിക്കാൻ വയ്യാതെ ആത്മഹത്യയ്ക്കു ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിടാന്‍ തീരുമാനിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍വച്ച് കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ എം എല്‍ എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പരാതി നല്‍കിയശേഷം പെരുമ്പാവൂര്‍ പൊലീസും പെരുമ്പാവൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയും തന്നെ ഭീഷണിപ്പെടുത്തി. ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും യുവതി പറഞ്ഞു.
എം എല്‍ എ ലൈംഗികമായി പീഡിപ്പിച്ചോയെന്ന ചോദ്യത്തിന് എല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെക്കുറിച്ച് കൂടുതല്‍ പറയാനാകില്ല.
സെപ്റ്റംബര്‍ 14-ന് കോവളത്തുവച്ച് എം എല്‍ എ മര്‍ദിച്ചപ്പോള്‍ നാട്ടുകാരാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസെത്തിയപ്പോള്‍ എം എല്‍ എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പറഞ്ഞത്. വീട്ടിലെത്തിയശേഷവും എം എല്‍ എ ഉപദ്രവിച്ചു. ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. എം എല്‍ എ തന്നെയാണ് അന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അന്നുതന്നെയാണ് കോവളത്തേക്കു കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.