കൊച്ചി: കായലിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെത് ആത്മഹത്യ ആണെന്ന പൊലീസ് നിലപാട് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മിഷേൽ കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയ ശേഷം ഗോശ്രീ പലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. വൈകിട്ട് ഏഴു മണി സമയത്ത് മിഷേല്‍ ഗോശ്രീ പലത്തിലേക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കടപ്പാട്: മനോരമ ന്യൂസ്
ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വച്ചാണ് മിഷേല്‍ തന്നെയാണ് അതെന്ന് പൊലീസ് ഉറപ്പിച്ചത്. മിഷേല്‍ ഒറ്റയ്‌ക്കാണ് ദൃശ്യങ്ങളില്‍ നടന്നുപോകുന്നത്. മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം.
ഹൈക്കോടതി ജംഗ്ഷന് അടുത്തുള്ള ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മിഷേലിനെപോലെ തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വച്ച് കണ്ടെന്ന് നേരത്തെ സാക്ഷിമൊഴി ഉണ്ടായിരുന്നു.