തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കാർഷിക കടം ഉൾപ്പെടെയുള്ള വായ്പകൾക്കുള്ള മൊറട്ടോറിയം ആറു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Read Also: അനിൽ നമ്പ്യാരുടെ പേരു പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം: സുരേന്ദ്രൻ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ നീക്കം. മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. രണ്ട് തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം നേരത്തെ ഏർപ്പെടുത്തിയത്. ഓഗസ്റ്റ് 31 ഓടെ മൊറട്ടോറിയ കാലാവധി അവസാനിക്കും. മൊറട്ടോറിയം നീട്ടിയില്ലെങ്കിൽ സെപ്റ്റംബർ ഒന്ന് മുതൽ വായ്പകൾ പലിശ സഹിതം തിരിച്ചടക്കേണ്ടിവരും.
അതേസമയം, ഒരു വര്‍ഷത്തേക്ക് കാര്‍ഷിക-കാര്‍ഷികേതര വായ്പകളിൽ ജപ്തി ഉണ്ടാവില്ലെന്ന് മാർച്ചിൽ അറിയിച്ചിരുന്നു. കര്‍ഷകരുടെ എല്ലാ വായ്പകളിൽ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.