തിരുവനന്തപുരം: കര്‍ഷക മൊറട്ടോറിയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് പച്ചക്കൊടി കാട്ടിയേക്കും. മൊറട്ടോറിയം നീട്ടി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മൊറട്ടോറിയം നീട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ അനുമതി വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഉത്തരവിറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഉത്തരവ് ഇറക്കാന്‍ അനുമതി വേണമെന്ന് ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ വാദം കേട്ട ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. എന്തുകൊണ്ട് ഉത്തരവ് ഇറക്കാന്‍ വൈകിയെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ചോദിച്ചിരുന്നു. ഉത്തരവിറക്കാന്‍ വൈകിയതില്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ശാസിച്ചിരുന്നു.
Read More: കര്‍ഷകര്‍ക്ക് ആശ്വാസം: വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് ജപ്തി ഉണ്ടാവില്ലെന്ന് ബാങ്കേഴ്സ് സമിതി
മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷകരെടുത്ത എല്ലാ വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് പത്തിനാണ്. ഇതിനിടെ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാൽ കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാകാത്ത സ്ഥിതി വരികയായിരുന്നു. പതിച്ചുനൽകിയ ഭൂമിയിൽ ഖനനത്തിന് കലക്ടർക്ക് അനുമതി നൽകാമെന്ന ഉത്തരവ് മൂന്നാം ദിവസം തന്നെ ഇറക്കിയപ്പോഴാണ് മൊറട്ടോറിയം ഉത്തരവ് വൈകിച്ചതും സാങ്കേതിക കുരുക്കിലായതും.