തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള സദാചാര ഗുണ്ടായിസവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദാചാര ഗുണ്ടായിസം നടത്തുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുളള നിയമ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇങ്ങനെ ഗുണ്ടായിസം നടത്തുന്നവർക്കെതിരെ ഉയരാനുളളതാണ് പൊലീസിന്റെ ലാത്തിയെന്നും പിണറായി പറഞ്ഞു. ഇന്നലെ മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

മറൈൻ ഡ്രൈവിൽ നടന്ന സംഭവം കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പുരുഷാധിപത്യപരമായ ഒരു സാമൂഹ്യാവസ്ഥയുടെ ഭാഗമായുളള വികലമായ ഒരു മനോഘടനയാണ് സദാചാര പോലീസിങ്ങിന് പിന്നിലുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. സ്ത്രീയെ പതിനെട്ടാം നൂറ്റാണ്ടിലെ ഇരുട്ടിലേക്കു പിന്തള്ളാന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാരെന്നും പിണറായി കുറ്റപ്പെടുത്തി.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മറൈൻ ഡ്രൈവിൽ നടന്ന സംഭവം കേരളത്തിനാകെ അപമാനകരമാണ്. ഇതിൽ സമൂഹമാകെ സ്വാഭാവിമായും അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പൊലീസ് വേണ്ട രീതിയിൽ ഇടപെടാത്തതിന്റെ ഭാഗമായി അവർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ട്. ഒരു തരത്തിലുള്ള സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കാപ്പ ഉൾപ്പെടെ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഇത്തരക്കാർക്കെതിരെ ഉയരാനുള്ളതു തന്നെയാണ് പോലീസിന്റെ ലാത്തി.

പുരുഷാധിപത്യപരമായ ഒരു സാമൂഹ്യാവസ്ഥയുടെ ഭാഗമായി ഇന്നും നിലനില്‍ക്കുന്ന വികലമായ ഒരു മനോഘടനയാണ് സദാചാര പോലീസിങ്ങിന് പിന്നിലുള്ളത്. പുരുഷന്റെ കല്പന പ്രകാരം വീട്ടിനുള്ളിലെ ഇരുട്ടില്‍ തളയ്ക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന പ്രാകൃത ബോധമാണ് ഇവരെ നയിക്കുന്നത്. സ്ത്രീക്ക് പുരുഷനുള്ള ഒരു അവകാശവുമില്ല, സ്വാതന്ത്ര്യവുമില്ല, അധികാരവുമില്ല എന്ന മനോഭാവത്തോടെ അവരെ അടിച്ചമര്‍ത്തുന്ന ഒരു രീതി സമൂഹത്തില്‍ വളര്‍ന്നുവന്നു.

സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന സൂക്തം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളാകട്ടെ ഇതിനെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിവന്നു. അതേ പ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണ് പലയിടത്തും സദാചാര പോലീസിങ്ങിനിറങ്ങുന്നത് എന്നതും ശ്രദ്ധേയാണ്. ഇവര്‍ സ്ത്രീയെ പതിനെട്ടാം നൂറ്റാണ്ടിലെ ഇരുട്ടിലേക്കു പിന്തള്ളാന്‍ ശ്രമിക്കുന്നവരാണ്.

നവോത്ഥാന പ്രസ്ഥാനം ഉയര്‍ത്തിയ ചിന്തകള്‍ സ്ത്രീവിമോചനത്തിന്റെ ആശയ ധാരകള്‍ ശക്തിപ്പെടുത്തി. വി.ടി ഭട്ടതിരിപ്പാടിനെയും പ്രേംജിയെയും ഇ.എം.എസിനെയും,എം.ആര്‍.ബി.യേയും പോലുള്ളവര്‍ ഇവിടെ കൊണ്ടുവന്ന ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന പുതു ചിന്തയുടെ വെളിച്ചം തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇവര്‍.

സ്ത്രീയും പുരുഷനും പൊതുമണ്ഡലത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍, ഒരു കാറില്‍ യാത്ര ചെയ്താല്‍, ഒരു മുറിയില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍, ഒരു കോഫീ ഹൗസിലിരുന്ന് ചായ കഴിച്ചാല്‍ അതൊക്കെ അവിഹിതമാണെന്നു കരുതുകയും അവരെ അക്രമിക്കുകയും ചെയ്യുന്നത് വികലമായ ഒരു മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. ഈ മാനസികാവസ്ഥ സൃഷ്ടിച്ചതിലും ശക്തിപ്പെടുത്തിയതിലും വര്‍ഗ്ഗീയപ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. സ്ത്രീയും പുരുഷനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് എന്ന ഇവരുടെ വാദത്തില്‍ ഈ നിലപാട് നിഴലിച്ചു കാണാം.

ഏതായാലും കാലത്തെയും ലോകത്തെയും പിന്നോട്ടടിപ്പിക്കുന്ന സ്ത്രീയെ അടിമയാക്കി ഇരുട്ടറയിലടയ്ക്കാന്‍ വ്യഗ്രത കാണിക്കുന്ന വര്‍ഗ്ഗിയപ്രേരിതമായ സദാചാര പോലീസിങ്ങ് അനുവദിക്കുന്ന പ്രശ്‌നമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ