മുംബൈ: കൊച്ചിയിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേന നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ശിവസേന നേതാവ് ആദിത്യ താക്കറെ. കൊച്ചി സംഭവം നാണക്കേടുണ്ടാക്കുന്നതും അനാവശ്യവുമായിരുന്നു. ഇത്തരം പരിപാടികളെ ശിവസേന പ്രോൽസാഹിപ്പിക്കുകയോ അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും ആദിത്യ താക്കറെ അറിയിച്ചു. ശിവസേന അധ്യക്ഷനും ഉദ്ധവ് താക്കറയുടെ മകനും യുവസേന തലവനുമാണ് ആദിത്യ താക്കറെ.
അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം നടന്നത്. ഒന്നിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചു. മറൈന്‍ ഡ്രൈവിലെ വാക്-വേയിലാണ് ശിവസേനയുടെ അതിക്രമം അരങ്ങേറിയത്. കൊച്ചി സെൻട്രൽ എസ്ഐ ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അതിക്രമം അരങ്ങേറിയത്. സംഭവത്തിൽ 6 ശിവസേന പ്രവർത്തകരെ പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തിരുന്നു.
പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ആവശ്യമുയർത്തി പ്രതിഷേധ കൂട്ടായ്മ ശിവസേന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രകടനമായി എത്തിയാണ് ശിവസേനക്കാർ യുവതീ-യുവാക്കളെ വിരട്ടിയും ചൂരൽ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്. ‘ഓടി രക്ഷപ്പെട്ടോയെന്നും ഇനി ഇവിടെ കണ്ടു പോകരുത്’ എന്നു ആക്രോഷിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.