scorecardresearch
Latest News

സദാചാരാക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

സംഭവത്തിൽ പ്രസ്ക്ലബ് ഇതു വരെ നടപടിയൊന്നും  സ്വീകരിച്ചിട്ടില്ല

trivandrum press club secretary,moral policing,പ്രസ്ക്ലബ് സെക്രട്ടറി,സദാചാര പൊലീസ്,അതിക്രമം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ സദാചാര ആക്രമണ കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ അറസ്റ്റില്‍. പ്രസ്‌ക്ലബിലെത്തിയാണു രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയതെന്നാണ് ആരോപണം. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു.

നവംബർ 30നു രാത്രി 10 മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നതിങ്ങനെ: ” സുഹൃത്ത് വീട്ടിലെത്തിയതിന് പിന്നാലെ, തങ്ങൾ താമസിക്കുന്ന അതേ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരനായ രാധാകൃഷ്ണൻ കുറച്ച് ആളുകളെ കൂട്ടി വീട്ടിൽ എത്തുകയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വന്നതെന്ന് ചോദിച്ച് തന്നോട് മോശമായി പെരുമാറുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്തു.”

രാത്രി ഭർത്താവില്ലാത്ത സമയത്ത്, മറ്റുള്ളവരുമായി വീട്ടിൽ എത്തിയ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം വീട്ടിൽ മോശം അന്തരീക്ഷം സൃഷ്ടിച്ചതായും കിടപ്പുമുറിയും അടുക്കളയും പോലും പരിശോധിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു.

മാധ്യമപ്രവർത്തക സദാചാരാക്രമണത്തിന് ഇരയായ സംഭവത്തിൽ വനിതാ മാധ്യമപ്രവർത്തകർ ഇന്നു രാവിലെ തിരുവനന്തപുരം പ്രസ്ക്ലബിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സഹപ്രവർത്തകയെ അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ഇതിനു പിന്നാലെയായിരുന്നു  അറസ്റ്റ്. സംഭവത്തിൽ പ്രസ്ക്ലബ് ഇതു വരെ നടപടിയൊന്നും  സ്വീകരിച്ചിട്ടില്ല.

“ഞങ്ങള്‍ പറഞ്ഞത് മൂളിക്കേള്‍ക്കുകയല്ലാതെ പ്രസ് ക്ലബ് പ്രസിഡന്‌റ് മറ്റൊന്നും പറഞ്ഞില്ല. ഞങ്ങള്‍ പുറത്തിരുന്ന് പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഇറങ്ങിവന്ന് ‘നിങ്ങളുടെ വിഷയം തന്നെയാണ് പരിഗണിക്കുന്നത് പിന്നെന്തിനാണ് ഇവിടെ ഇരുന്ന് പ്രതിഷേധിക്കുന്നത്’ എന്ന് ചോദിച്ചു. എന്നാല്‍ എവിടെ ഇരുന്ന് പ്രതിഷേധിക്കണം എങ്ങനെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണെന്ന് അദ്ദേഹത്തിന് മറുപടി കൊടുത്തു,” മാധ്യമപ്രവര്‍ത്തകയും നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ അംഗവുമായ സരിത എസ് ബാലന്‍ വ്യക്തമാക്കി.

Read More: സദാചാരാക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

തുടർന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അറിയിച്ചു. പരാതിക്കാരിയെ അപഹസിച്ച് പ്രസ് ക്ലബ് അംഗങ്ങൾക്ക് രാധാകൃഷ്ണൻ മെയിൽ അയച്ചതോടെയാണ് പ്രതിഷേധം ശക്‌തമാക്കിയത്‌.

സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ എം. സി. ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വിഷയം ചൂണ്ടിക്കാട്ടി വനിതാ മാധ്യമ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

രാരാധാകൃഷ്ണനെതിരേ, ഇയാളും പരാതിക്കാരിയും ജോലിചെയ്യുന്ന മാധ്യമസ്ഥാപനം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Moral policing protest against trivandrum press club secretary

Best of Express