മലപ്പുറം: സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ആക്രമിച്ചത്.

കഴിഞ്ഞ 27-ാം തീയതി രാത്രി മന്നാലിപ്പടിയിലെ ഒരു വീടിനു സമീപം മുഹമ്മദ് സാജിദിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്നാരോപിച്ചാണ് ജനക്കൂട്ടം മർദ്ദിച്ചത്. കളളനെന്ന് ആരോപിച്ചാണ് ഇയാളെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. പൊലീസ് എത്തിയശേഷമാണ് ഇയാളെ വിട്ടയച്ചത്.

മുഹമ്മദിനെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യം അവിടെയുണ്ടായിരുന്നവരിൽ ചിലർ മൊബൈലിൽ പകർത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചു. മാത്രമല്ല ഇയാൾ ലഹരിക്ക് അടിമപ്പെട്ടയാളാണെന്ന തരത്തിലും പ്രചാരണമുണ്ടായി. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.

അട്ടപ്പാടിയിൽ മോഷണ കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ഒരു സംഘം കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നാലെയാണ് കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറുന്നത്. അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അക്രമിസംഘം മധുവിനെ ക്രൂരമായി മർദ്ദിച്ചുകൊന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.