കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് നടത്തുന്ന സ്നേഹ ഇരുപ്പ് സമരം തുടങ്ങി. യുവജന പിന്തുണയോടെയാണ് മറൈൻ ഡ്രൈവിൽ പ്രതിഷേധ യോഗം നടക്കുന്നത്.  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്,  ശിവസേന അക്രമത്തിന് പുറകിൽ സങ്കുചിത രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഇടപെടലുകളുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടി തോമസ് എംഎൽഎ നടത്തിയ അഭിപ്രായപ്രകടനങ്ങളെ പരോക്ഷമായി വിമർശിച്ചാണ്, ശിവസേന അക്രമത്തിന് പുറകിൽ രാഷ്ട്രീയ അജണ്ടയ്ക്കെതിരെ സംശയം പ്രകടിപ്പിച്ചത്.

“നടിയെ തട്ടിക്കൊണ്ടുപോയ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചത് നമ്മളെല്ലാവരും കണ്ടതാണല്ലോ. കേരളത്തിൽ സ്വാധീനമില്ലാത്ത ചില രാഷ്ട്രീയ കക്ഷികൾ ഇത്തരത്തിൽ പ്രതിഷേധങ്ങളും അക്രമങ്ങളുമായി മുന്നോട്ട് വരുന്നത് എന്തുകൊണ്ടാണ്. പത്ത് പേർ പോലും തികച്ചില്ലാത്ത, ഒരു സാമൂഹ്യ ഇടപെടലും നടത്താത്തവർക്ക് സങ്കുചിത രാഷ്ട്രീയ താത്പര്യം മുൻനിർത്തി മറ്റാരെങ്കിലും സഹായങ്ങൾ നൽകുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന്” പി.രാജീവ് പറഞ്ഞു.

മറൈൻ ഡ്രൈവിൽ പ്രണയം നടിച്ച് പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്‌ത്തുന്ന വൻ സംഘം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ശിവസേന പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇവർ മറൈൻ ഡ്രൈവിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ വൻ വിമർശനമാണ് കേരളമാകെ പടർന്നത്.  ഇതേ തുടർന്നാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സമരവുമായി മുന്നോട്ട് വന്നത്.

എസ്എഫ്ഐ സംസ്ഥാന നേതാക്കളായ എം.വിജിൻ, ജനറൽ സെക്രട്ടറി ജെയ്‌ക് സി.തോമസ് എന്നിവരും ഡിവൈഎഫ്ഐയുടെ ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. വിവിധ കോളജുകളിൽ നിന്നും ജില്ലയിലെ പല ഭാഗത്തു നിന്നുമായി നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിച്ചേർന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ