scorecardresearch

സദാചാര ഗുണ്ടകൾ വിളയാടുന്ന കേരളം

കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ നടക്കുന്നത് സദാചാര ഗുണ്ടായിസത്തിന്റെ അതിതീവ്ര വ്യാപനമാണ്. രാഷ്ട്രീയനേതാക്കൾ മുതൽ മാധ്യമപ്രവർത്തകർ വരെ തൊഴിലാളിയും വിദ്യാർത്ഥിയും മുതൽ പൊലീസുകാർവരെ ഒരേ സമയം പ്രതികളും ഇരകളുമാകുകയാണ് കേരളത്തിൽ

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നതിൽനിന്ന് സദാചാര ഗുണ്ടായിസത്തിന്റെ സ്വന്തം നാട് എന്നതിലേക്ക് മാറിയിരിക്കുന്നു. പത്ത് വർഷമായി കേരളത്തിൽ സദാചാര ഗുണ്ടാകളുടെ അക്രമവും കൊലപാതകവും മരണവും നടക്കാത്ത കാലമില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. കൊറോണയേക്കാൾ അതിതീവ്ര വ്യാപനം സംഭവിച്ച വൈറസായി കേരളത്തിലെ സദാചാര ഗുണ്ടായിസം മാറിയിരിക്കുന്നു.  ഇത് മനസിലാക്കണമെങ്കിൽ കേരളത്തിലെ സദാചാര ഗുണ്ടായിസത്തിൽ പ്രതികളായവരെ പരിശോധിക്കണം.

സാധാരണക്കാർ മുതൽ നിയമം പാലിക്കാൻ ബാധ്യസ്ഥരായവർ വരെ, രാഷ്ട്രീയ പ്രവർത്തകർ മുതൽ   തിരുവനന്തപുരം *പ്രസ് ക്ലബ് സെക്രട്ടറിവരെ സദാചാര ഗുണ്ടായിസത്തിൽ പ്രതികളായ നാടായി കേരളം മാറി.  ഇരകളാക്കപ്പെട്ടവരും അതുപോലെ തന്നെ സാധാരണക്കാരും  പ്രവാസികളും വിദ്യാർത്ഥികളും  ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും  പൊലീസുകാരും മാധ്യമ പ്രവർത്തകരുമൊക്കെയാണ്. 

സദാചാര ഗുണ്ടായിസം ഉണ്ടാകുന്നിടത്തൊക്കെ പ്രതിഷേധം ശക്തമാകുമ്പോൾ പൊലീസ് നടപടി ഉണ്ടായാലായി എന്നതൊഴിച്ചാൽ ബാക്കിയൊക്കെ ഭൂരിപക്ഷവും സദാചാര ഗുണ്ടകളെ ന്യായീകരിക്കുന്ന പ്രവർത്തനങ്ങളാവും ഭരണകൂടവും സമൂഹവും ഒരുപോലെ ചെയ്യുക. ഇരകളാക്കപ്പെട്ടവർക്ക് നേരെയും അവരെ പിന്തുണയ്ക്കുന്നവർക്ക് നേരെയും വ്യാജ പ്രചാരണം നടത്തുന്നത് മുതൽ ചെയ്യാവുന്ന അതിക്രമങ്ങൾ സദാചാര ഗുണ്ടകളും അവരെ പിന്തുണയ്ക്കുന്നവരും ചെയ്യുന്നതാണ് കേരളത്തിലെ കാഴ്ച. അതിന് കക്ഷിരാഷ്ട്രീയ വ്യത്യാസമോ തൊഴിൽ വ്യത്യാസമോ ഇല്ല. എല്ലാ തൊഴിലിലും രാഷ്ട്രീയപാർട്ടികളിലും ഏറിയും കുറഞ്ഞും സദാചാരഗുണ്ടകളുടെ വിളയാട്ടമാണ് കേരളത്തിൽ നടക്കുന്നത്. സദാചാര ഗുണ്ടായിസം സംബന്ധിച്ച കൃത്യമായ കണക്കുകൾ സർക്കാരിന് കൈവശമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച പ്രത്യേക നിയമം ഇല്ലാത്തിനാലാണ് ഈ വിഷയത്തിലുള്ള കേസുകൾ പ്രത്യേകമായി രേഖപ്പെടുത്താത്തിന് കാരണമെന്ന് പറയപ്പെടുന്നു.

സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള സദാചാര ഗുണ്ടായിസമാണ് കേരളത്തിൽ അരങ്ങേറുന്ന മറ്റൊന്ന്. സർക്കാർ ഉദ്യോഗസ്ഥർക്ക് മേൽ ചട്ടങ്ങളുടെ നാട ഉപയോഗിച്ചുള്ള  സദാചാര സംരക്ഷണ പരിപാടികളാണ്. സസ്പെൻഷൻ, മെമ്മോ, പിരിച്ചുവിടൽ തുടങ്ങിയ നടപടികളാണ് ഇതുപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ  എടുക്കുക. അതിന് ഒരു പരാതി മാത്രം കിട്ടിയാൽ മതി  എന്ന് കാത്തിരിക്കുന്ന ഉദ്യോഗസ്ഥ മേധാവികളും കേരളത്തിലുണ്ട്.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

കഴിഞ്ഞ വർഷം സെപ്തബറിലാണ് ഇതുപോലൊരു കേസ് കേരളത്തിൽ വിവാദമായത്. കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ സെപ്തംബർ 18ന് സിറ്റി പൊലീസ് കമ്മിഷണർ എവി ജോർജ് സസ്പെൻഡ് ചെയ്തു.  കോഴിക്കോട് സ്വദേശിനിയായ 31 വയസുള്ള മകളെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. പൊലീസ് സേനയുടെ അന്തസിനും സൽപ്പേരിനും കളങ്കമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാ രോപിച്ചാണ്  ഉമേഷിനെ, എ.വി.ജോർജ് സസ്പെൻഡ് ചെയ്തത്.

യുവതിയെ കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് എടുത്തുതാമസിപ്പിക്കുകയാണെന്നും അവിടെ ഉമേഷ് നിത്യ സന്ദർശകനാണെന്നും പരാമർശങ്ങളുള്ള സസ്പെൻഷൻ ഉത്തരവാണ് എസ് പി നൽകിയത് എന്ന് ഉമേഷ് അന്ന് തന്നെ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. പൊലീസ് നടത്തുന്ന  സദാചാര ഗുണ്ടായിസമാണ്  ഇതെന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. അമ്മയുടെ പരാതിയിയിൽ അന്വേഷണത്തിന് എത്തിയ പൊലീസ് തന്നോട് മോശമായി പെരുമാറിയതായി യുവതി അന്ന് ആരോപിച്ചിരുന്നു.

കേരളത്തിൽ പത്ത് വർഷം മുമ്പ് 2011 നവംബറിലാണ് ആദ്യ സദാചാര ഗുണ്ടാ കൊലപാതകം നടക്കുന്നത്. കോഴിക്കോട് കൊടിയത്തൂരിലാണ് യുവാവിനെ സദാചാരഗുണ്ടകളുടെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.  2011 നവംബര്‍ ഒമ്പതിനാണ്  കൊടിയത്തൂര്‍ തേലീരി കൊട്ടുപ്പുറത്ത് ഷഹീദ് ബാവ (26 )യെയാണ് സാദാചാരഗുണ്ടകളായ ഒരു സംഘം അര്‍ധരാത്രി ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് 13-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ഈ കേസിൽ മൂന്ന് വർഷത്തിന് ശേഷം 2014 ഒക്ടോബറിൽ  ഒമ്പത് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

കൊലപാതകം ഉൾപ്പടെയുള്ള കേസുകളിൽ ഒമ്പത് പ്രതികളെ ശിക്ഷിച്ചെങ്കിലും കേരളത്തിലെ സദാചാര ഗുണ്ടായിസത്തിന്റെ കൊടിയേറ്റമായിരുന്നു അത്. പിന്നീട് കേരളത്തിൽ വൈറസിനേക്കാൾ അതതീവ്രവ്യാപനം ഉണ്ടായത് സദാചാര ഗുണ്ടായിസത്തിനാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ  സദാചാര ഗുണ്ടായിസം കേരളത്തിൽ അരങ്ങേറുന്നുണ്ട്. പലപ്പോഴും അത് നേരിട്ടുള്ള കൊലപാതകത്തിലേക്കോ ഗുണ്ടായിസത്തിന് ഇരയായ വ്യക്തികളുടെ ആത്മഹത്യയിലേക്കോ നയിച്ചിട്ടുണ്ട്. സംഭവങ്ങൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ പ്രതിഷേധം ഉണ്ടാകുമെങ്കിലും അതിനുശേഷം അത് പതിവുപോലെ കെട്ടടങ്ങും. സദാചാര ഗുണ്ടായിസം നിയന്ത്രിക്കാൻ പ്രത്യേക നിയമനിർമാണം വേണമെന്ന ആവശ്യം പലപ്പോഴും ഉയർന്നുവെങ്കിലും അത് നടപ്പായില്ല.

കേരള സമൂഹത്തെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെയോ മറ്റേതെങ്കിലും താൽപ്പര്യങ്ങളോ ആണ് പലപ്പോഴും സദാചാര ഗുണ്ടായിസത്തിന് പിന്നിലെ യഥാർത്ഥ കാരണം. അത് ചിലപ്പോൾ നേരെയുള്ള രാഷ്ട്രീയ പ്രവർത്തനമാകാം. ചിലപ്പോൾ സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവ പിടിച്ചെടുക്കാനുള്ള തർക്കമാകാം, അങ്ങനെ പലതും ആകാം. അതിലെല്ലാമുപരി വികൃതമായ മാനസികാവസ്ഥയുള്ള മലയാളി പുരുഷന്മാരുടെ വൈകൃതമാണ് ഇതിന് വഴിയൊരുക്കുന്നത്. സ്ഥാനവും പദവിയുമൊക്കെ ഇത്തരം ഗുണ്ടായിസത്തിന് മറയിടാൻ ഉപയോഗിക്കുന്ന വൈകൃതമനസുകളുടെ ഉടമകളാണ് ഈ കേസുകളിലെ പ്രതികളിൽ പലരും.  അതിനാൽ തന്നെ ഇത് മലയാളി സമൂഹത്തിലെ മനോനിലയുടെ പ്രതിഫലനം കൂടെയാണ്. സദാചാരഗുണ്ടയായ പ്രതിയെ പരസ്യമായി പിന്തുണയ്ക്കുന്ന വ്യക്തികളുടെ ഉള്ളിലും ഓരോ പൊട്ടൻഷ്യൽ സദാചാര ഗുണ്ടയുണ്ട് എന്നതാണ് കേരളത്തിലെ സദാചാരഗുണ്ടായിസത്തിലെ തോത് വർധിക്കുന്നത് സൂചിപ്പിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ നേരത്തെ തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് അവഗണിക്കുന്നതാണ് കേരളം നേരിടുന്ന സദാചാരഗുണ്ടായിസത്തിലെ വർധനവിനു കാരണം.

Also Read: സദാചാ‍ര പൊലീസ് ഉണ്ടാകുന്നത്

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ മനഃസാക്ഷിയെ ഞെട്ടിച്ച ആദ്യ സദാചാര കൊലപാതകം. തൊട്ടുപിന്നാലെ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടലിന് നേരെ സംഘപരിവാർ സംഘടനകൾ നടത്തിയ  സദാചാര ഗുണ്ടായിസം വലിയ പ്രതിഷേധങ്ങളുയർത്തുകയും തെരുവുകൾ സമര സന്നദ്ധമാവുകയും ചുംബനസമരം എന്ന ലോകത്ത് തന്നെ ശ്രദ്ധയാകർഷിച്ച സമരം കേരളത്തിലെമ്പാടും നടക്കുകയും ചെയ്തു. അന്ന് സമരക്കാർക്കെതിരെ സദാചാരഗുണ്ടകൾക്കൊപ്പം പൊലീസ് നിലനിന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഷഹീദ് ബാവ കേസിലും ഡൗൺ ഡൗൺ കേസ്. ഈ കേസുകളിലോ ചുംബന സമരത്തിലോ പ്രതിപക്ഷത്തിനോ പ്രതിപക്ഷ പാർട്ടികൾക്കോ ശക്തമായ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. മാത്രമല്ല, പലപ്പോഴും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത് സദാചാരഗുണ്ടായിസത്തിന് അനുകൂലമായ നിലപാടും ആയിരുന്നു.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

സദാചരാ ഗുണ്ടായിസത്തിൽ ഇതുവരെയുള്ള കണക്കുകളിൽ അവസാനത്തേതാണ് മാധ്യമ പ്രവർത്തകയുടെ ഭർത്താവും പൊലീസുകാരനുമായ വ്യക്തിക്കു നേരെ നടന്നത്. അധികാരത്തിലെ പിന്തുണ കൂടി നൽകുന്ന ബലത്തിലാണ് ഈ സദാചാര ഗുണ്ടായിസം അരങ്ങേറിയത് എന്ന വാദം ബലപ്പെടുത്തുന്നതാണ് ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ. ജോലി കഴിഞ്ഞ്, വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ രക്ഷിതാക്കളെ കാണാൻ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ ജില്ലയിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്.

സി പി എം അനുകൂലികളാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ഗുണ്ടായിസം നടത്തിയത് എന്നാണ് ആരോപണം. മാധ്യമ പ്രവർത്തക കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്തപ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഉൾപ്പടെ ഇപ്പോഴത്തെ സദാചാര ഗുണ്ടായിസത്തിന് പിന്നിലുണ്ടെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇരയാക്കപ്പെട്ടവരെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയർന്നു കഴിഞ്ഞു.

സദാചാര ഗുണ്ടായിസത്തിലെ  ഏറ്റവും പുതിയ സംഭവമാണ്  കണ്ണൂരിലെ സിവിൽ പൊലീസ് ഓഫീസർ സുമേഷ് നേരിട്ട അനുഭവം. സുമേഷിന്റെ ഭാര്യയും മാധ്യമപ്രവർത്തകയുമായ വിനീത വേണുവിന്റെ  ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം ജനശ്രദ്ധ നേടിയത്.

‘വേട്ടയാടി മതിയായില്ലെങ്കില്‍ ഞങ്ങളേയും മക്കളെയും ഒറ്റ വെട്ടിന് തീര്‍ത്തേക്കൂ,’ മാധ്യമപ്രവര്‍ത്തകയുടെ എഫ് ബി പോസ്റ്റാണ്  സദാചാരഗുണ്ടായിസത്തെ കുറിച്ചുള്ള വാർത്ത പുറത്തുകൊണ്ടുവന്നത്.  കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്നതിനൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുടുംബത്തെ വേട്ടയാടിയതിന്‍റെ അനുഭവങ്ങളും വിവരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ വിനീത.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

രണ്ട് മാസം മുമ്പ് ഫെബ്രുവരിയിൽ സദാചരാഗുണ്ടായിസത്തെ തുടർന്നാണ്  നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശിയായ യുവതി ജീവനൊടുക്കിയത്. അക്ഷര എന്ന മുപ്പത്തിയെട്ടുകാരിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ സുഹൃത്തിനെ, വീട്ടിലേക്കു വന്നതിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി നടത്തിയ സദാചാര ഗുണ്ടായിസത്തെത്തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്.

പാനൂരിൽ, ഇക്കഴിഞ്ഞ മാർച്ചിൽ പരീക്ഷ കഴിഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഒപ്പം യാത്ര ചെയ്ത പത്താംക്ലാസ് വിദ്യാർത്ഥിക്ക് നേരെയായിരുന്നു അതിക്രമം. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത് ഒരു ഓട്ടോ ഡ്രൈവറെയായിരുന്നു.

2019ലാണ് കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി അനിൽ കുമാറിനെ സദാചാരഗുണ്ടകൾ മർദിച്ച് കൊലപ്പെടുത്തിയത്.  വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന്റെ പേരിൽ അനിൽകുമാറിനെ സദാചാര ഗുണ്ടാസംഘം  ക്രൂരമായി മർദിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയായിരുന്നു അനിൽകുമാറിന്റെ മരണം. ഈ കേസിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2019 സെപ്തംബറിൽ തൊടുപുഴയിലും സദാചാര ഗുണ്ടായിസം അരങ്ങേറി.  ഇതേ വർഷം ജൂണി ൽകൽപ്പറ്റയിൽ തമിഴ് നാട് സ്വദേശിയായ യുവാവിനും യുവതിക്കും നേരെ സജീവാനന്ദൻ എന്ന ആളിന്റെ നേതൃത്വത്തിൽ സദാചാരഗുണ്ടായിസം അരങ്ങേറി. സദാചാര ഗുണ്ടാ ആക്രമണത്തിലെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ഒരു മാസം കഴിഞ്ഞ് ജൂലൈയിലാണ് സംഭവത്തിൽ കേസ് എടുത്തത്.

മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങിമരിച്ചത് 2018 ഓഗസ്റ്റിലായിരുന്നു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ ആക്രമിച്ചത്.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

കൊല്ലത്ത് സോഷ്യൽ വർക്കറായി ജോലി ചെയ്തിരുന്ന അഗളി കാരറ സ്വദേശിയായ അനീഷ് (22) സദാചാര ഗുണ്ടായിസത്തെത്തുടർന്ന് മാനസിക സംഘർഷത്തിനിരയായി ആത്മഹത്യ ചെയ്തത് 2017 ഫെബ്രുവരിയിലാണ്. സുഹൃത്തിനൊപ്പം കൊല്ലം അഴീക്കല്‍ ബീച്ചിലിരുന്ന യുവാവിനെയും സുഹൃത്തിനെയും സദാചാരഗുണ്ടകൾ ആക്രമിക്കുകയും ഫൊട്ടോ എടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് അഗളിയിലെ വീട്ടിലെത്തിയ ശേഷം അനീഷ് ജീവനൊടുക്കുകയായിരുന്നു.

2016 ജൂണിലാണ് മലപ്പുറം മങ്കടയില്‍ യുവാവിനെ സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് കൂട്ടില്‍ കുന്നശേരി നസീർ ഹുസൈനെ(40)യാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

2015 ഫെബ്രുവരിയിൽ  കോഴിക്കോട് ജില്ലയിലെ  മുക്കത്ത് പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ പോയ കുറ്റ്യാടി സ്വദേശിയായ വിദ്യാർഥിനിയെയും സഹോദരനെയും ബസിൽ പിന്തുടർന്ന് സദാചാരഗുണ്ടകൾ ആക്രമിച്ചിരുന്നു. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പും മുക്കത്ത് സഹോദരങ്ങൾ ആക്രമണത്തിന് ഇരയായിരുന്നു. സ്കൂൾ  പരീക്ഷയ്ക്ക് അനുബന്ധമായി നടക്കുന്ന പഠനക്യാംപിലെത്തിയ പെൺകുട്ടിയെ സഹോദൻ രകൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോഴായിരുന്നു ഇരുവരും ആക്രമിക്കപ്പെട്ടത്.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ശിവസേനയുടെ നേതൃത്വത്തിൽ ഒരുപറ്റം നടത്തിയ സദാചാര ഗുണ്ടാവിളയാട്ടം നടത്തിയത് 2017 മാർച്ചിലായിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും യുവസേന അധ്യക്ഷൻ ആദിത്യ താക്കറെയും ഈ സദാചാര ഗുണ്ടാവിളയാട്ടത്തെ തള്ളിപ്പറഞ്ഞുവെ ങ്കിലും അക്രമികൾക്ക് കുസലുണ്ടായില്ല. ഈ സംഭവം നടക്കുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന പരാതി അന്ന് വ്യാപകമായിരുന്നു.

കേരളത്തിൽ ആദ്യമായല്ല, മാധ്യമ പ്രവർത്തനവും ആയി ബന്ധമുള്ള ആളിന് നേരെ സദാചാര ഗുണ്ടായിസം നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനാണ്  മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി നടത്തിയ സദാചാര ഗുണ്ടായിസത്തിലെ പ്രതി. മാധ്യമ പ്രവർത്തകയുടെ  പരാതി പ്രകാരം 2019 നവംബർ 30നാണ് പ്രസ്ക്ലബ് സെക്രട്ടറി സദാചാരഗുണ്ടായിസം നടത്തിയ സംഭവം നടന്നത്. ആളുകളെ കൂട്ടി വീട്ടിൽകയറി അക്രമം നടത്തിയെന്നാണ് പരാതി.  

സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക അന്വേഷണ നടപടിക്രമങ്ങൾ പോലും തിരുവനന്തപുരം പ്രസ് ക്ലബ് പാലിച്ചില്ലെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്.  ജനാധിപത്യത്തിലെ നാലാം തൂണിലെ അംഗങ്ങൾ തന്നെ ഈ സദാചാര ഗുണ്ടായിസത്തിലെ പ്രതികളാകുമ്പോൾ അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയാൻ വേറെ ആര് വരുമെന്ന ചോദ്യമാണ് വനിതാ മാധ്യമപ്രവർത്തകർ ഉന്നയിക്കുന്നത്. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പ്രതിയായ സദാചാര ഗുണ്ടാ ആക്രമണ കേസിൽ പരാതിക്കാരിക്കാരിക്കെതിരെ  തലസ്ഥാനത്തെ ചില മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നു.

2020 മേയിൽ ലോക്ക്ഡൗൺ മറവിലാണ് മാധ്യമപ്രവർത്തകനായ സി പി ബീനിഷിനു നേരെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ ബൈക്ക് നിർത്തി ഫോൺ ചെയ്യുകയായിരുന്ന ബീനിഷിനെ ഒരു കൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു. നരിക്കുനിക്കടുത്ത് കാവുംപൊയിൽ എന്ന സ്ഥലത്ത് വച്ചാണ് ബിനീഷിനെതിരെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങക്കിടയിൽ നടന്ന വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.  ഓരോമാസവും ഒട്ടേറെ സദാചാരഗുണ്ടായിസമാണ് കേരളത്തിൽ അരങ്ങേറുന്നത്. അതിൽ വളരെ കുറച്ച് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ നിന്നും വളരെ കുറച്ച് കേസുകളിൽ മാത്രമാണ് അന്വേഷണവും അറസ്റ്റും പോലുള്ള നടപടികൾ പോലും ഉണ്ടാകുന്നത്.  പലപ്പോഴും പ്രതികളുടെ സ്വാധീനം കേസ് അട്ടിമറിക്കുന്നതിനും ഇരകളെ അപമാനിക്കുന്നതിനും വഴിയൊരുക്കാറുണ്ട്.

Also Read: നമ്മുടെ സദാചാര ഭ്രമകൽപ്പനകൾ, ഒരു അമ്മയ്ക്ക് പറയാനുളളത്

ഒരേ തൊഴിൽ മേഖലയിൽ ഉള്ളവരാണ് കേസിലെ കക്ഷികളെങ്കിലും പുരുഷനായ പ്രതിക്കൊപ്പമായിരിക്കും ആ മേഖലയിലെ ഭൂരിപക്ഷം പുരുഷന്മാരും നിലപാട് സ്വീകരിക്കുക എന്നതാണ് കേരളത്തിലെ പൊതു സ്ഥിതിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വാഭാവികമായും തൊഴിൽ മേഖലയിലെ പുരുഷന്മാരുടെ അതിലേറെ പ്രതിയെ അനുകൂലിക്കുന്ന മനസ്സുള്ളവരുടെ അധിശ്വതം കൊണ്ട് തന്നെ നീതി നിഷേധത്തിലേക്കായിരിക്കും ഇത് വഴിവയ്ക. ഇത് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിനു കാരണമായിട്ടുണ്ട്.

യു ഡി എഫ്, എൽ ഡി എഫ് സർക്കാരുകൾ മാറിവരുകയും തുടർ ഭരണവരുകയും തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും പിണറായി വിജയനുമൊക്കെ ആഭ്യന്തര വകുപ്പ് മന്ത്രിമാരായെങ്കിലും സദചാരാ ഗുണ്ടായിസത്തിന് കുറവുണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  രാഷ്ട്രീയ പാർട്ടിയുടെ വ്യത്യാസമില്ലാതെ സദാചാരഗുണ്ടകൾ ഉണ്ടെന്നതാണ് ഇതിനു കുറവ് വരാത്തിന് കാരണം. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പൊലീസുമൊക്കെയായി ഭരണകൂടത്തിലെ മുഴുവൻ സംവിധാനങ്ങളും  സദാചാര ഗുണ്ടകൾക്കൊപ്പം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിലകൊള്ളുന്നുവെന്നതാണ് ഇത് വ്യാപിക്കുന്നതിന് കാരണമായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

moral police, moral policing, moral policing kerala, moral policing against journalist, moral policing thiruvananthapuram press club, moral policing cases in kerala, moral policing deaths in kerala, ie malayalam

ജനാധിപത്യത്തിലെ സമസ്ത സംവിധാനങ്ങളിലും സദാചാരഗുണ്ടായിസത്തിലെ പ്രതികളും ഇരകളും ഉണ്ടാകാറുണ്ട്. അതിനു കാരണം ഈ സംവിധാനങ്ങളൊക്കെ തന്നെ അടിസ്ഥാനപരമായി ജനാധിപത്യവൽക്കരിച്ചിട്ടില്ല എന്നതാണ്. അവയിൽ നിലനിൽക്കുന്ന പുരുഷാധീശ്വത്വ കാമനകളുടെ വൈകൃതങ്ങളാണ് സദാചാരഗുണ്ടായിസമായി മാറുന്നത്.കേരളത്തിലെ വിദ്യാഭ്യാസ മികവ് മലയാളിയുടെ സാമൂഹിക വളർച്ചയുടെ അടയാളമല്ലാതാകുന്നതും സദാചാരഗുണ്ടകൾക്കും അതിനെ പിന്തുണയ്ക്കുന്നവർക്കും കേരളത്തെ അമ്മാനമാടാൻ കഴിയുന്നതും അതുകൊണ്ടാണെന്ന്  സാമൂഹിക പ്രവർത്തകർ പറയുന്നു.

2010 നും മുമ്പും കേരളത്തിൽ സദാചാര ഗുണ്ടായിസത്തിന്, സദാചാര അക്രമത്തിനുമൊക്കെ ഇടമുണ്ടായിരുന്നു. അളവിൽ കുറവുണ്ടായിരുന്നുവെന്നേയുള്ളൂ. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പിറവിക്ക്  പരോക്ഷ കാരണമായത് പോലും സദാചാര പൊലീസിങ്ങാണ് എന്ന് വേണമെങ്കിൽ പറയാം. കോൺഗ്രസിലെ മുതിർന്ന നേതാവായ രാജ്‌മോഹൻ ഉണ്ണിത്താൻ സദാചാര ഗുണ്ടായിസത്തിന്  ഇരയായിട്ടുണ്ട്. 2009 ഡിസംബറിലാണ്  മലപ്പുറം മഞ്ചേരിയിൽ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്.

കോൺഗ്രസിലെ ആദ്യകാല നേതാവായിരന്ന പി ടി ചാക്കോയ്ക്കെതിരെയും സദാചാര പൊലീസിങ് നടന്നിരുന്നു. ആഭ്യന്ത്രമന്ത്രിയായിരിക്കെ അദ്ദേഹത്തിനൊപ്പം കാറിൽ ഒരു സ്ത്രി സഞ്ചരിച്ചുവെന്ന് ആരോപിച്ച് ഉണ്ടായ വിവാദത്തെ തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ടി വന്നിരുന്നു. 

* തിരുവനന്തപുരം പ്രസ് ക്ലബ്ബ് എന്ന സ്ഥാപനത്തിന്  പത്രപ്രവർത്തക യൂണിയനു (കെ യു ഡബ്ല്യു ജെ)മായി ബന്ധമില്ലാത്തതാണ്. മറ്റ് ജില്ലകളിലെ പ്രസ് ക്ലബ്ബുകൾ കെ യു ഡബ്ല്യു കെ യു ഡബ്ല്യു ജെയുടെ ജില്ലാ ഓഫീസുകൾ കൂടിയാണ്. എന്നാൽ പത്രപ്രവർത്തകർ അംഗങ്ങളായ ക്ലബ്ബാണ് തിരുവനന്തപുരം പ്രസ് ക്ലബ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Moral policing kerala