തിരുവനന്തപുരം: മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ പൊലീസിന്റെു വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന പ്രതിപക്ഷം നിലപാടിനെ മുഖ്യമന്ത്രി ശരിവച്ചു. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാൻ സ്ഥലത്തുണ്ടായിരന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവസേനക്കാർ മറൈൻ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷൻമാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സദാചാര പൊലീസിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാൽ അവർക്കെതിരെയും നടപടിയെടുക്കും. സദാചാര ഗുണ്ടകൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കും. സ്ത്രീകളെ ഇരുട്ടറകളിലേക്ക് തളളിവിടാനാണ് സദാചാര ഗുണ്ടകളുടെ നീക്കം. ഇത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശിവസേനയുടെ സദാചാരഗുണ്ടായിസവമായി ബന്ധപ്പെട്ടും അക്രമികളെ സഹായിക്കുന്ന തരത്തിലുളള പൊലീസ് നടപടിയുമായി ബന്ധപ്പെട്ടും പ്രതിപക്ഷം രംഗത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഹൈബി ഈഡൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശിവസേനക്കാരുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിൽക്കുകയാണെന്ന് ചെയ്തതെന്ന് ഹൈബി പറഞ്ഞു. ശിവസേനക്കാർക്ക് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ